ജവഹർനഗർ വസ്തുതട്ടിപ്പ്; അനില്‍ തമ്പി കേരളം വിട്ടു
1582705
Sunday, August 10, 2025 6:36 AM IST
പേരൂര്‍ക്കട: കവടിയാര്‍ ജവഹര്‍ നഗറിലെ വസ്തുതട്ടിപ്പ് കേസിലെ ഒന്നാംപ്രതി അനില്‍ തമ്പി കേരളം വിട്ടതായി സൂചന. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പോലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ ഇയാള്‍ താമസസ്ഥലത്തുണ്ടായിരുന്നുവെങ്കിലും വീടിന്റെ അസല്‍പ്രമാണം ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ വീട്ടില്‍നിന്നു മുങ്ങുകയായിരുന്നു. പ്രമാണം ഉടന്‍ ഹാജരാക്കുമെന്നുള്ള അനില്‍ തമ്പിയുടെ വാക്കു വിശ്വാസത്തിലെടുത്തതാണ് പോലീസിനിപ്പോള്‍ തലവേദനയായിരിക്കുന്നത്.
വിമാനത്താവളത്തില്‍നിന്ന് ഇയാള്‍ വിദേശത്തേക്കു കടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് മ്യൂസിയം പോലീസ് പറയുന്നത്. ഡോറ അസറിയ ക്രിപ്സിന്റെ 10 കോടിയോളം രൂപ വിലമതിക്കുള്ള വസ്തുവും വീടും തട്ടിയെടുത്ത സംഭവത്തില്‍ ആദ്യം അറസ്റ്റിലായ കൊല്ലം സ്വദേശിനി മെറിന് ജേക്കബ് വസ്തു വിലയാധാരമായി എഴുതി നല്കിയ ചന്ദ്രസേനന്റെ മരുമകനാണ് അനില്‍ തമ്പി.
തമ്പിയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ പ്രമാണത്തില്‍ ഒപ്പുവച്ചതെന്നാണ് ചന്ദ്രസേനന് പോലീസിനോടു പറഞ്ഞത്. ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. അനില്‍ തമ്പിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.