പുലിപ്പേടി മാറാതെ അമ്പൂരി ആദിവാസി മേഖല : പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് ആവശ്യം
1582709
Sunday, August 10, 2025 6:36 AM IST
വെള്ളറട: അമ്പൂരി മലയടിവാരത്തുനിന്നും കഴിഞ്ഞ ദിവസം കെണിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവച്ചു പിടികൂടിയെങ്കിലും ആദിവാസികള്‍ ഭീതിയിൽ. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട കള്ളുകാടു മലയടി വീട്ടില്‍ സുരേഷ് (46) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്പൂരി തൊടുമല വാര്‍ഡിലെ കാരിക്കുഴി തമ്പുരാന് കോവിലിനും കള്ളുകാടിനും ഇടയിലുള്ള റബ്ബര്‍ പുരയിടത്തിലാണു കഴിഞ്ഞദിവസം ബൈക്കില്‍ ഉപയോഗിക്കുന്ന ബൗഡന് കെണിയില്യില് കുടുങ്ങി പുലിയെ കണ്ടത്.
രക്ഷപ്പെടാനുള്ള പുലിയുടെ എല്ലാ തന്ത്രവും പാളിയിരുന്നു. കാട്ടുപന്നികളെ പിടികൂടുന്നതിന് വേണ്ടിയിട്ടാണ് ഈ കെണി സ്ഥാപിച്ചിരുന്നത്. ആ കെണിയിലാണ് പുലി കുടുങ്ങിയത്. ഫോറസ്റ്റ് വെറ്റിനറി സര്ജന് ഡോക്ടര്‍ എസ്.കെ. അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘവും ടീം അംഗങ്ങളും ചേര്‍ന്നു മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. പിടികൂടിയ പുലി നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ ആരോഗ്യപരിപാലന കേന്ദ്രത്തില്‍ ചികിത്സയിലാണ്.
ഒരു പുലി മാത്രം ആദിവാസി മേഖലയില്‍ എത്തില്ലെന്നും കൂട്ടത്തോടെയാണു പുലികള്‍ ഇറങ്ങാറുള്ളതെന്നും ആദിവാസിയായ മോഹനന് സുദന്‍ കാണി പറയുന്നു. പ്രദേശത്ത് നായക്കുട്ടികളെയും വളര്‍ത്തു കോഴികളെയും കാണാതാകുന്നതു സ്ഥിരം സംഭവമായിരുന്നെങ്കിലും കുറുക്കന് പിടിച്ചുകൊണ്ടു പോയതായിരിക്കാമെന്ന നിഗമനത്തില്‍ ആയിരുന്നു പ്രദേശവാസികള്‍. പുലിയെ അവിചാരിതമായി ആദിവാസി മേഖലയില്‍ കണ്ടതോടെ പേടിയിലാണ് പ്രദേശവാസികള്‍.
പ്രദേശത്തു വീണ്ടും പുലിയുടെ ആക്രമണം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി പ്രദേശത്തു പുലിയെ പിടികൂടുന്നതിനുള്ള കൂടു സ്ഥാപിക്കണമെന്നും പരിസരപ്രദേശങ്ങളില്‍ കാമറ സ്ഥാപിക്കമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷി (46)നു ചികിത്സാ ചെലവുകള പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും ഇനിയും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ വനം വകുപ്പും- സര്‍ക്കാരും എടുക്കണം എന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
ആദിവാസി മേഖലയില്‍ കൊച്ചുകുട്ടികള്‍ അടക്കം വീട്ടുമുറ്റത്തു കളിച്ചു നടക്കുന്നത് പതിവാണ്. എന്നാല്‍ രാത്രിയില്‍ ഇറങ്ങിയ പുലി കെണിയില്‍ കുടുങ്ങിയതു കൊണ്ട് പ്രദേശത്ത് വസിക്കുന്ന ആളുകള്‍ ആളപായത്തില്നിന്നു രക്ഷപ്പെട്ടു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും പുലിയുടെ സഞ്ചാരം മനസിലാക്കി കൂടു സ്ഥാപിച്ചു പുലിയെ പിടികൂടുകയും നിരീക്ഷിക്കുന്നതിന് അടിയന്തിരമായി കാമറകൾ സ്ഥാപിക്കണമെന്നും മോഹനന് സുധന് കാണി ആവശ്യപ്പെട്ടു.