കെല്‍ട്രോണ്‍ ജംഗ്ഷന് മുതല്‍ വാളിക്കോട് വരെ : രണ്ടാംറീച്ച് നിര്‍മാണം 123.31 കോടി ടെൻഡറിംഗില്‍: ജി.ആര്. അനില്‍
1582710
Sunday, August 10, 2025 6:36 AM IST
നെടുമങ്ങാട്: വഴയില മുതല്‍ പഴകുറ്റി നാലുവരിപാത വികസനത്തിന്റെ ഭാഗമായി രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന് മുതല്‍ വാളിക്കോട് വരെയുള്ള റോഡ് വര്‍ക്കിന്റെ ടെന്‍ഡര്‍ ചെയ്തതായി മന്ത്രി ജി. ആര്. അനില്‍ അറിയിച്ചു.
123.31 കോടി രൂപ ചെലവില്‍ 4.1 കിലോമീറ്റര്‍ ദൂരമുള്ള റോഡ് പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വഴയില മുതല്‍ കെല്‍ട്രോണ്‍ ജംഗ്ഷന് വരെയുളള ആദ്യ റീച്ചിന്റെ നിർമാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഫ്ലൈഓവറിന്റെയും പാലത്തിന്റെയും റോഡിന്റെയും ജോലികൾ ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിലയിലാണ് പുരോഗമിക്കുന്നത്.
23നു രണ്ടാം റീച്ചിന്റെ ടെണ്ടര്‍ ഓപ്പണിംഗ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. രണ്ടാം റീച്ചില്‍ അരുവിക്കര, കരകുളം, നെടുമങ്ങാട് എന്നീ വില്ലേജുകളില്‍ നിന്നായി 11.34 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി 317 ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരതുകയായി 284 കോടി രൂപയാണ് അനുവദിച്ചിട്ടുണ്ട്.
ഇതില്‍ 313 പേരുടെ ഡിവിഎസ് അംഗീകരിച്ചിട്ടുള്ളതും 286 കുടുംബങ്ങള്‍ക്കായി 268.2 കോടി രൂപ കൈമാറിയിട്ടുള്ളതുമാണ്. 381 പേരുടെ പുനരധിവാസ പാക്കേജിനായി 4.5 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുഴുവന്‍ കുടുംബങ്ങളുടെയും നഷ്ടപരിഹാരതുക വിതരണം ഈ മാസം തന്നെ പൂര്‍ത്തീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോ മീറ്ററും നെടുമങ്ങാട് ടൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്നാരംഭിച്ചു കച്ചേരിനട വഴി പതിനൊന്നാംകല്ല് വരെയുള്ള 1.2 കിലോ മീറ്റർ ഉള്‍പ്പെടെ 11.2 കിലോമീറ്റർ റോഡാണ് നാലുവരി പാതയാക്കുന്നത്. പദ്ധതിക്കായി 1185.19 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 15 മീറ്റർ ടാറിംഗും സെന്ററില്‍ രണ്ടുമീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ടു മീറ്റർ വീതിയില്‍ യൂട്ടിലിറ്റി സ്പേസും ഉള്‍പ്പെടെയാണ് 21 മീറ്ററിലാണ് റോഡ് നിര്‍മ്മിക്കുന്നത്. മുന്ന് റീച്ചുകളിലായാണ് നിര്‍മ്മാണം നടക്കുന്നത്.
മൂന്നാം റീച്ചായ വാളിക്കോട് - പഴകുറ്റി പമ്പ് ജംഗ്ഷൻ - കച്ചേരി നട -പതിനൊന്നാം കല്ല് വരെയുള്ള വര്‍ക്കുള്ള നഷ്ടപരിഹാരതുകയ്ക്കായി 396.43 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ മാസം തന്നെ തുക റവന്യൂ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. സെപ്റ്റംബര്‍ മാസം അവസാനത്തോടെ നിർമാണം തുടങ്ങുന്ന തരത്തിലാണു നടപടികള്‍ മന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.