കർഷകർ ദുരിതത്തിൽ : കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു
1579943
Wednesday, July 30, 2025 5:40 AM IST
എടക്കര: കാട്ടാനകളറിങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. മുട്ടിക്കടവിൽ തറയത്ത് ജോസ് ജോർജ്, വാണിയപുരയ്ക്കൽ ബേബി, തറയിൽ പുത്തൻവീട്ടിൽ ഉണ്ണി എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ പരാക്രമം നടത്തിയത്.
ജോസ് ജോർജിന്റെ തോട്ടത്തിലെ കുലച്ച നേന്ത്രവാഴകളും മറ്റ് കൃഷികളും കാട്ടാന നശിപ്പിച്ചു. പത്തിലേറെ തവണയാണ് ഇയാളുടെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങുന്നത്. ബേബിയുടെ വീട്ടുമുറ്റത്ത് നിന്നിരുന്ന പ്ലാവ് ആന കുത്തിമറിച്ചിടുകയും തെങ്ങ്, വാഴ എന്നിവ നശിപ്പിക്കുകയും ചെയ്തു.
ഉണ്ണിയുടെ കൃഷിയിടത്തിലെ വാഴകളാണ് ആന നശിപ്പിച്ചത്. മുട്ടിക്കടവ് ജില്ലാ വിത്തുകൃഷിത്തോട്ടത്തിന്റെ ഭാഗത്തുള്ള വനത്തിൽ നിന്നുമാണ് കെഎൻജി റോഡും പുന്നപ്പുഴയും കടന്ന് മുട്ടിക്കടവിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകളെത്തുന്നത്. കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെ ചെറുക്കാൻ സ്ഥാപിച്ചിട്ടുള്ള സോളാർ വേലികൾ തകർത്താണ് ഇവ തോട്ടങ്ങളിൽ എത്തുന്നത്.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് കൃഷി നടത്തുന്നവരാണ് മിക്ക കർഷകരും. കാട്ടാനകളുടെ നിരന്തര ആക്രമണം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് മേഖലയിലെ കർഷകർ. ചെന്പൻകൊല്ലി അന്പാട്ട് അനീഷിന്റെ കോടാലിപ്പൊയിൽ പറയനങ്ങാടിയിലുള്ള തോട്ടത്തിലും കാട്ടാനകൾ വ്യാപക നാശം വിതച്ചു.
തെങ്ങ്, കമുക് എന്നിവയാണ് വൻതോതിൽ നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് തവണയാണ് കൃഷിയിടത്തിൽ കാട്ടനകൾ ഇറങ്ങി വിളകൾ നാശം വരുത്തിയത്. തോട്ടത്തിന് ചുറ്റും സ്ഥാപിച്ച സോളാർ ഫെൻസിംഗ് തകർത്താണ് കരിയംമുരിയം വനത്തിൽ നിന്നുമെത്തുന്ന ആനകൾ തോട്ടത്തിലേക്ക് കടക്കുന്നത്. കാട്ടാനകൾ വനത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത് തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.