കൊളത്തൂരിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ
1579950
Wednesday, July 30, 2025 5:40 AM IST
കൊളത്തൂർ: കൊളത്തൂർ പൊരുന്നുമ്മൽ ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയിൽ കണ്ട യുവാക്കളെ പരിശോധിക്കുന്നതിനിടെ 4.840 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ.
മക്കരപ്പറന്പ് സ്വദേശികളായ എരഞ്ഞിത്തൊടി അബ്ദുൾ ബാസിത്ത് (25), നില്ലിക്കോടൻ രഞ്ജിത്ത് (26) എന്നിവരെയാണ് ഡാൻസാഫ് എസ്ഐ ബിബിനും സംഘവും അറസ്റ്റ് ചെയ്തത്. മക്കരപ്പറന്പ്, പൊരുന്നുമ്മൽ ഭാഗങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പനയും ഉപയോഗവും നടത്തുന്നതായി ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് കൊളത്തൂർ സ്റ്റേഷൻ പരിധികളിൽ ഇത്തരം ക്വാർട്ടേഴ്സുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായി രണ്ടുപേരെ കണ്ട് ചോദ്യം ചെയ്തത്.
കൂടുതൽ പരിശോധന നടത്തിയതിൽ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, നർക്കോട്ടിക് സെൽ ഡിവൈസ്എപി എൻ.ഒ. സിബി, കൊളത്തൂർ സിഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ജഗദീഷ്, എസ്സിപിഒമാരായ നിധിൻ ആന്റണി, ജയേഷ്, സിപിഒ ജിജു എന്നിവരും ജില്ലാ ആന്റിനർക്കോട്ടിക് സ്ക്വാഡും അടങ്ങുന്ന സംഘമാണ് യുവാക്കളെ പിടികൂടിയത്.
മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ്. കാണ്മയിലിന്റെ സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്.