രോഗവ്യാപനം തടയാൻ ശാസ്ത്രീയ മാർഗം തേടണം: കളക്ടർ
1579760
Tuesday, July 29, 2025 8:07 AM IST
മലപ്പുറം: അംഗീകാരമില്ലാത്ത ചികിത്സാരീതികൾ തേടാതെ രോഗവ്യാപനം തടയുന്നതിന് ശാസ്ത്രീയമാർഗം അവലംബിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ്.
മഞ്ഞപ്പിത്തവും ഭക്ഷണത്തിലൂടെയും ജലത്തിലൂടെയും പകരുന്ന രോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇവ തടയുന്നതിൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്നും കളക്ടർ പറഞ്ഞു. ലോക ഹെപ്പറൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് സെക്രട്ടറിയറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷയായിരുന്നു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സുജിത് പരേര, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി എന്നിവർ പ്രസംഗിച്ചു. ഭക്ഷ്യനിർമാണ, വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ഹോട്ടൽ നടത്തിപ്പുകാർക്കും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുമായി നടത്തിയ ബോധവത്ക്കരണ സെമിനാറിൽ തിരൂർ ജില്ലാ ആശുപത്രി ഉദരരോഗവിദഗ്ധൻ ഡോ. എം. മുരളികൃഷ്ണൻ, പൊതുജനാരോഗ്യ ടെക്നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ എന്നിവർ ക്ലാസെടുത്തു.
ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സിറിൽ വിൻസന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് എം. ഷാഹുൽ ഹമീദ്, ഐഇസി കണ്‍സൾട്ടന്റ് സി. ദിവ്യ, വിവിധ സംഘടനാ പ്രതിനിധികളായി സി.എച്ച്. സമദ്, എം. ഇഖ്ബാൽ, സന്തോഷ് നായർ, ഷാജി മഞ്ചേരി, സി.പി. ലത്തീഫ് സംബന്ധിച്ചു.