പ്രതിനിധി സംഗമം സംഘടിപ്പിച്ചു
1579750
Tuesday, July 29, 2025 8:07 AM IST
പെരിന്തൽമണ്ണ : സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയ, സാമുദായിക നേതാക്കൾ നടത്തുന്ന പരാമർശങ്ങൾ സമൂഹത്തിന്റെ തകർച്ചക്ക് ഇടയാക്കുമെന്ന് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. കുടുംബം, ധാർമികത, സമൂഹം എന്ന പ്രമേയത്തിൽ പെരിന്തൽമണ്ണയിലാണ് ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചത്.
മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ ഗൗരവമായ നീക്കങ്ങൾ നടത്തണം. പ്രഖ്യാപിത പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കുകയും പരിഹാരമാകുന്നത് വരെ ദുരിതബാധിതരെ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രഫ. ഹാരിസ് ബിൻ സലീം സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി റഷീദ് കാരപ്പുറം അധ്യക്ഷത വഹിച്ചു. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ ഷബീബ് മഞ്ചേരി, ജമാൽ പെരിന്തൽമണ്ണ അബ്ദുൾ വഹാബ് സലാഹി, നാസർ സ്വലാഹി, ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.