പുലി ആക്രമണം: സിപിഎം പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു
1580100
Thursday, July 31, 2025 5:46 AM IST
എടക്കര: മൂത്തേടം കൽക്കുളത്ത് പുലിയുടെ ആക്രമണം രൂക്ഷമായിട്ടും നടപടി സ്വീകരിക്കാത്ത വനം വകുപ്പ് നിലപാടിൽ പ്രതിഷേധിച്ച് സിപിഎം പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് തുണ്ടത്തിൽ റോബിന്റെ വളർത്തുനായയെ ഇദ്ദേഹത്തിന്റെ കണ്മുന്നിൽ വച്ച് പുലി പിടിച്ചുകൊണ്ടുപോയിരുന്നു. മൂന്ന് ദിവസം മുന്പ് മുണ്ടുകോട്ടക്കൽ ജോസ് തോമസിന്റെ കൂട്ടിൽ കിടന്ന ആടിനെ പുലി കടിച്ചുകൊന്നു.
പുലിയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽപോലും വനം വകുപ്പ് ജനദ്രോഹ നിലപാടുകൾ സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധസമരം. പുലിയെ പിടിക്കാൻ ഇന്നലെ വൈകിട്ട് കൂട് സ്ഥാപിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ആർആർടിയുടെ സേവനം ഉറപ്പാക്കാമെന്നും വനം ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
പുലി ഭീഷണി നേരിട്ട വീടുകളിൽ കരുളായി റേഞ്ച് ഓഫീസർ, പടുക്ക ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എന്നിവരെത്തി തീരുമാനം വീട്ടുകാരെ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എ.ടി. റെജി, വി.കെ. ഷാനവാസ്, ജെ.എം. ഷെബീബ്, ബഷീർ പനോലൻ, സി.എ. ചന്ദ്രൻ, പി.കെ. വാസുദേവൻ, പി. സന്തോഷ്, വി.വൈ. ജംഷീർ എന്നിവർ പ്രസംഗിച്ചു.
പുലിയെ പിടികൂടാൻ നിവേദനം നൽകി
എടക്കര: മൂത്തേടം പഞ്ചായത്തിലെ കൽക്കുളം നെല്ലിക്കുത്ത് പ്രദേശങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തുന്ന പുലിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്നാണ് നിലന്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകിയത്.
വൈസ് പ്രസിഡന്റ് സഫിയ, മെംബർമാരായ ആയിഷ, ജിനി വർഗീസ, റോസമ്മ എന്നിവർ സന്നിഹിതരായിരുന്നു.