സിപിഎമ്മിന്റെ മാർച്ച് നാടകമെന്ന് മുസ്ലിം ലീഗ്
1579752
Tuesday, July 29, 2025 8:07 AM IST
അങ്ങാടിപ്പുറം : പഞ്ചായത്തിലേക്ക് ഭരണനിർവഹണം നടത്താൻ മതിയായ ജീവനക്കാരെ അനുവദിക്കാതിരിക്കുകയും ട്രഷറിയിൽ ബില്ലുകൾ നൽകിയാൽ പണം പാസാക്കാതിരിക്കുകയും ബില്ലുകൾ ട്രഷറിയിൽ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ മുന്നിൽ വികൃതമായ സംസ്ഥാന സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം അങ്ങാടിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് എന്ന സമര നാടകം നടത്തുന്നതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ വലിയ ഭരണനേട്ടമായി പറയുന്ന ലൈഫ് ഭവന പദ്ധതിയിൽ വീട് പണിതവർക്ക് സർക്കാർ നൽകേണ്ട ഫണ്ട് ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും ലൈഫ് ഭവന പദ്ധതിക്ക് സർക്കാർ നൽകേണ്ട പണത്തിനുവേണ്ടി ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാതെ, പഞ്ചായത്തിനോട് തിരിച്ചടക്കാൻ പറയുന്ന സർക്കാരിന്റെ കഴിവുകേടിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നും മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ.കെ.സി.എം. അബു താഹിർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉമ്മർ അറക്കൽ, കളത്തിൽ ഹാരിസ്, ഷബീർ കറുമുക്കിൽ, പി.പി. സൈതലവി,വാക്കാട്ടിൽ സുനിൽ ബാബു, ഇ.കെ. കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.