"ഗേൾസ് ഒണ്‍ലി’ സ്കൂൾ ബസിൽ കയറാൻ ആരുമില്ല
1579758
Tuesday, July 29, 2025 8:07 AM IST
പെരിന്തൽമണ്ണ: യാത്ര ചെയ്യാൻ കുട്ടികളില്ലാതെ സ്കൂൾ ബസ് മൈതാനത്ത് മഴയേറ്റ് നശിക്കുന്നു. ആലിപ്പറന്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പെണ്‍കുട്ടികൾക്ക് മാത്രമുള്ള ബസാണ് ഓടാതെ വെറുതെ കിടക്കുന്നത്.
ജില്ലാ പഞ്ചായത്ത് സ്കൂളിന് നൽകിയതാണ് ബസ്. 660 ൽ പരം കുട്ടികൾ പഠിക്കുന്ന ഹയർ സെക്കൻഡറി വിഭാഗമാണ് ആലിപ്പറന്പിലുള്ളത്. കരിങ്കല്ലത്താണി, പൂവ്വത്താണി, തൂത, വട്ടപ്പറന്പ്, കുന്നക്കാവ്, ചെറുകര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം കുട്ടികൾ ആലിപ്പറന്പ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നുണ്ട്.
"ഗേൾസ് ഒണ്‍ലി’ ബസായതിനാൽ ആണ്‍കുട്ടികൾക്ക് ഇതിൽ സഞ്ചരിക്കാൻ അനുമതിയില്ല. രാവിലെ എട്ടിന് ആരംഭിച്ച് പത്ത് വരെ ഓടിയാലും രണ്ടോ മൂന്നോ ട്രിപ്പ് മാത്രമേ ഓടിക്കാനാകൂ. അതുകൊണ്ട് തന്നെ കുട്ടികൾ ആവശ്യപ്പെടുന്ന ഭാഗത്തേക്ക് സർവീസ് നടത്താനും കഴിയില്ല.
പരമാവധി കുട്ടികള കയറ്റിയാലും ഒരു നിശ്ചിത സംഖ്യയിൽ കൂടുതൽ ഫീസ് ഇനത്തിൽ ഇടാക്കാനും കഴിയാത്ത സ്ഥിതിയാണ്.
ഡീസൽ ചെലവ്, മെയിന്റനൻസ് ചാർജ്, ഡ്രൈവറുടെ കൂലി എന്നിവക്കെല്ലാം വേണ്ടിവരുന്ന തുക യാത്ര ചെയ്യുന്ന വിദ്യാർഥികളുടെ ബസ് ഫീസിൽ നിന്ന് ലഭിക്കില്ല. ഇതുമൂലം ബസ് ഓടിക്കുക എന്നത് പിടിഎക്ക് ഓരോ മാസവും കനത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ബസ് ഫീസായി വൻ തുക നൽകാനും കുട്ടികൾ തയാറാകില്ല. ഇതുമൂലം സ്കൂൾ വളപ്പിൽ ബസ് രണ്ട് വർഷമായി വിശ്രമത്തിലാണ്.