മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു
1580030
Wednesday, July 30, 2025 10:35 PM IST
അരീക്കോട് (മലപ്പുറം): മാലിന്യ സംസ്കരണ പ്ലാന്റിൽ ശുചീകരണത്തിനിടെ വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അരീക്കോട്- ഉൗർങ്ങാട്ടിരി വടക്കുമുറി കളപ്പാറയിൽ ഇന്നലെ രാവിലെ 11 മണിയോടെയുണ്ടായ അപകടത്തിൽ ആസാം സ്വദേശികളായ സമദ് അലി(20), ഹിതേഷ് ശരണ്യ (46), ബിഹാർ സ്വദേശി വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്.
കോഴി മാലിന്യങ്ങൾ ഉപയോഗിച്ച് മൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കുന്ന പ്ലാന്റിലാണ് ദാരുണ സംഭവമുണ്ടായത്. ഇവർ വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. പ്ലാന്റിലെ വാട്ടർ പ്യൂരിഫയർ ടാങ്കിൽ ശുചീകരണത്തിനായി ഇറങ്ങിയ സംഘം ശ്വാസതടസം നേരിട്ടതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. നേരത്തെ എല്ല് കന്പനിയായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് എല്ല് കന്പനി പൂട്ടിയതോടെയാണ് കോഴിമാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങിയത്.
പക്ഷികൾക്കും മത്സ്യങ്ങൾക്കും കോഴി മാലിന്യം ഉപയോഗിച്ച് തീറ്റയുണ്ടാക്കുന്ന പ്ലാന്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. 13 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പ്ലാന്റ് ഓപ്പറേറ്റർ വികാസ് പ്ലാന്റിലേക്ക് ഇറങ്ങി ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മറ്റ് രണ്ടു പേരും അന്വേഷിച്ചെത്തുകയായിരുന്നു. തുടർന്ന് മൂവരെയും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പ്ലാന്റ് പരിശോധിക്കുന്നതിനിടെയാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടത്. ഉടൻ ഇവരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അരീക്കോട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം അരീക്കോട്- ഉൗർങ്ങാട്ടിരി കളപ്പാറയിൽ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. പരിസരവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരുടെ പരാതിയിൽ നടപടി സീകരിക്കാൻ ഗ്രാമപഞ്ചായത്ത് തയാറായിരുന്നില്ല.
ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാൻ ഫയർ സുരക്ഷ സംവിധാനങ്ങളും തൊഴിലാളികളുടെ സുരക്ഷക്ക് ഓക്സിജൻ മാസ്ക്കും നിർബന്ധമായിരിക്കെ ഇത്തരത്തിലുള്ള നടപടികൾ സീകരിച്ചിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ പറയുന്നത്. തൊഴിലാളികളുടെ മരണത്തെ തുടർന്ന് പ്ലാന്റ് അരീക്കോട് പോലീസ് പരിശോധന നടത്തി അപാകത കണ്ടതിനെത്തുടർന്ന് അടച്ചുപൂട്ടി.