"ബഫലോ ബാങ്ക്’ പദ്ധതിക്ക് തുടക്കമായി
1579756
Tuesday, July 29, 2025 8:07 AM IST
നിലന്പൂർ: നബാർഡും ജൻശിക്ഷൻ സാൻസ്ഥാനും ചേർന്ന് നടപ്പാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി ബഫല്ലോ ബാങ്ക് എന്ന പുതിയ പദ്ധതിക്ക് തുടക്കമായി. 2022 ൽ ആരംഭിച്ച പദ്ധതി ഇതിനകം 400 കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് മുന്നോട്ടു പോകുന്നത്.
പദ്ധതിയുടെ ഭാഗമായി രൂപീകൃതമായ ആദിവാസികൾ മാത്രം ഉൾപ്പെടുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ നൂറു കുടുംബങ്ങൾക്ക് ഹരിയാനയിൽ നിന്ന് ഇറക്കുമതി ചെയ്ത "മുറ’ എന്ന ഇനത്തിൽപ്പെട്ട പോത്തിൻ കുട്ടികളെ നൽകുന്നത്. 100 മുതൽ 150 കിലോ വരെ തൂക്കം വരുന്ന പോത്തിൻകുട്ടികളെയാണ് ഇഞ്ചക്ഷൻ, ഇൻഷ്വറൻസ് എന്നിവ നൽകിയതിനു ശേഷം ഈ കുടുംബങ്ങൾക്ക് ലഭ്യമാകുന്നത്.
18 മാസം കൊണ്ട് 300 മുതൽ 500 വരെ തൂക്കം വരുന്ന മുറ വിഭാഗത്തിലുള്ള പോത്തുകുട്ടികളെ പരിചരിച്ചു കഴിഞ്ഞാൽ 18 മാസത്തിനു ശേഷം ഒരെണ്ണം ഗോത്രാമൃതിനെ ഏല്പിക്കുകയും ഒന്ന് ഗുണഭോക്താവിന് എടുക്കാവുന്നതുമാണ്. തുടർന്ന് വീണ്ടും രണ്ടു പോത്ത്കുട്ടികളെ ബഫല്ലോ ബാങ്ക് വഴി നൽകും. ഇത് തുടരുകയും 18 മാസം കൊണ്ട് ഒരുലക്ഷം രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ വരുമാനം കിട്ടുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മൂത്തേടം ഗ്രാമപഞ്ചായത്തിലെ ഉച്ചക്കുളം നഗറിൽ ജെഎസ്എസ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉസ്മാൻ, വൈസ് പ്രസിഡന്റ് ടി.പി. സഫിയ, മൂത്തേടം സ്ഥിരംസമിതി അധ്യക്ഷൻ ജസ്മൽ പുതിയറ, പഞ്ചായത്തംഗങ്ങൾ, ജഐസ്എസ് ഡയറക്ടർ വി. ഉമ്മർകോയ, ജഐസ്എസ് സ്റ്റാഫുകളായ നാഫിഹ്, മുഹമ്മദ് ഷഹീർഷ, മാധവൻ തുടങ്ങിയവർ പങ്കെടുത്തു.