നിലന്പൂരിന്റെ വികസനത്തിൽ വ്യാപാരികളുടെ പങ്ക് പ്രശംസനീയം: എംഎൽഎ
1579453
Monday, July 28, 2025 5:35 AM IST
നിലന്പൂർ: നിലന്പൂരിന്റെ വികസന മുന്നേറ്റത്തിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്ക് പ്രശംസനീയമെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. വ്യാപാരി വ്യവസായി ഏകോപന സമിതി നിലന്പൂർ യൂണിറ്റ് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലന്പൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കാനും നിലന്പൂരിൽ പുതിയ ബസ് സ്റ്റാൻഡിന് തുടക്കമിടാനും നിലന്പൂർ പാട്ടുത്സവത്തെ ജനകീയമാക്കാനും മത്സ്യ, മാംസ മാർക്കറ്റിന് ആരംഭം കുറിക്കാനും സഹായിച്ചത് നിലന്പൂരിലെ വ്യാപാരി സമൂഹമാണെന്നും എംഎൽഎ പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയായ ഇൻഷ്വറൻസ് പദ്ധതിയാണ് വ്യാപാരി മരണപ്പെട്ടാൽ 10 ലക്ഷം രൂപ കുടുംബത്തിന് സഹായം നൽകുന്ന പദ്ധതി. യുഡിഎഫ് അധികാരത്തിലെത്തിയാൽ വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കാണുമെന്നും ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഉറപ്പ് നൽകി. വാർഷിക ജനറൽ ബോഡി യോഗവും കുടുംബ സംഗമവും നവീകരിച്ച വ്യാപാര ഭവൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവുഹാജി നിർവഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് നിരന്തരമായി വ്യാപാരി വിരുദ്ധനയങ്ങൾ സർക്കാരുകൾ നടപ്പാക്കിയതിലുള്ള പ്രതിഷേധമായിരുന്നു. എന്നാൽ രണ്ട് മുന്നണികളും അപേക്ഷിച്ചതിന്റെ പേരിലാണ് മത്സര രംഗത്ത് നിന്ന് പിൻമാറിയതെന്നും കുഞ്ഞാവുഹാജി വ്യക്തമാക്കി. യൂണിറ്റ് പ്രസിഡന്റ് വിനോദ് പി.മേനോൻ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞിമുഹമ്മദ്, ജില്ലാ ഭാരവാഹികളായ നൗഷാദ് കളപ്പാടൻ, നാസർ ടെക്നോ, ഹക്കീം ചെങ്കരത്ത്, വനിതാവിംഗ് ജില്ലാ പ്രസിഡന്റ ജാസ്മിൻ കുഞ്ഞുമുഹമ്മദ്, യൂണിറ്റ് സെക്രട്ടറി സഫറുള്ള, വൈസ് പ്രസിഡന്റ് കെ. നൗഷാദ്, റിയാസ് ചെന്പൻ, അശ്വതി ഗോപിനാഥ്, പി.വി.സനിൽകുമാർ, പി. മധു, സിബി വയലിൽ എന്നിവർ പ്രസംഗിച്ചു.