തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ ബോധവത്കരണത്തിനായി ലീപ്-കേരള
1579444
Monday, July 28, 2025 5:35 AM IST
മലപ്പുറം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ചുള്ള ബോധവത്ക്കരണ പരിപാടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടർപട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തദ്ദേശതെരഞ്ഞെടുപ്പ് പ്രക്രിയകളിൽ അവബോധമുണ്ടാക്കുകയാണ് ലീപ്-കേരള (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം-കേരള) എന്ന ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതാദ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ ബോധവത്ക്കരണത്തിനായി പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി ജില്ലാ കളക്ടർ അധ്യക്ഷനായി ജില്ലാതല സമിതികൾ രൂപീകരിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെ കണ്വീനർ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.
വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ നടപടിക്രമങ്ങൾ, ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പും വോട്ടർപട്ടികയുമായി തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടർപട്ടികയ്ക്കുമുള്ള വ്യത്യാസങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യാപകമായ പ്രചാരണമാണ് ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നത്. കോളജ് വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ പരമാവധി വോട്ടർപട്ടികയിൽ ചേർക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം. ലീപ് -കേരളയുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസർമാർക്കും മാധ്യമ പ്രവർത്തകർക്കുമായി ശില്പശാല സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു.
പത്രക്കുറിപ്പുകൾക്ക് പുറമേ, സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകൾ, റീലുകൾ, പോസ്റ്ററുകൾ, ചോദ്യോത്തര പംക്തി എന്നിവ വോട്ടർ ബോധവത്ക്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം. അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുക, വോട്ടർപട്ടികയിൽ ഉൾപ്പെട്ട മുഴുവൻപേരും വോട്ടു ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. വോട്ടിനായി പേരു ചേർത്തിടാം, നാടിനായി വോട്ടു ചെയ്തിടാം. എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം. ലീപ്-കേരള പ്രചാരണ പരിപാടിക്കായി ആകർഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.