കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു
1579952
Wednesday, July 30, 2025 5:40 AM IST
വടപുറം: ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ വ്യാജമായി ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ കത്തോലിക്ക കോണ്ഗ്രസ് വടപുറം യൂണിറ്റ് കമ്മിറ്റി പ്രതിഷേധിച്ചു.
മതസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചുള്ള ഛത്തീസ്ഗഡ് സർക്കാരിന്റെ പ്രാകൃത നടപടി അംഗീകരിക്കാനാകില്ല. ഇത്തരം പ്രവൃത്തി നിയമവിരുദ്ധവും പ്രതിഷേധാർഹമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രതിഷേത്തിന് ഫ്രാൻസിസ് ചീതാപറന്പിൽ, ഇമ്മാനുവൽ എൻ.എ. നാലോലിക്കൽ, ജോസഫ് മാനാടൻ, ടോമി ആക്കുപ്പള്ളി, എത്സമ്മ തോമസ് മാനാടൻ, സന്ധ്യ കുന്നുംപുറത്ത് എന്നിവർ നേതൃത്വം നൽകി.
എടക്കര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ വിചാരണയിലും അറസ്റ്റിലും പാലാങ്കര, മൂത്തേടം എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറം ശക്തമായി പ്രതിഷേധിച്ചു.
ആതുര ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് കന്യാസ്ത്രീകളോടൊപ്പം അക്രൈസ്തവരായ രണ്ടു സഹോദരിമാരെ കണ്ടു എന്ന കാരണത്താൽ ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ ക്രൂരമായ നിലപാടിൽ തകർക്കപ്പെട്ടത് ഇന്ത്യയുടെ മതനിരപേക്ഷതയുടെ മുഖമാണെന്ന് യോഗം കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ അക്രമിച്ചവർക്കെതിരേ ശക്തമായ നടപടിയെടുക്കുന്നതിനും തടങ്കലിൽ നിന്ന് മോചിപ്പിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ട നേതൃത്വം തയാറാകണം.
ക്രൈസ്തവ സമൂഹത്തിന് നേരേ നടത്തുന്ന സാമൂഹ്യവിരുദ്ധരുടെ ഇത്തരം പ്രവർത്തനത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും യോഗം രേഖപ്പെടുത്തി. ഫാ. ഏബ്രഹാം പതാക്കൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
ഇസിഎഫ് പ്രസിഡന്റ് ഫാ. വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇസിഎഫ് കോ ഓർഡിനേറ്റർ ടി.ജി. രാജു പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഫാ. ജെറാൾഡ് ജോസഫ്, ഫാ. ഉമ്മൻ ജോർജ്, ഔസേപ്പ് ഊന്പിക്കാട്ട്, റോയി ചെറിയാൻ, എൻ.കെ. ചാക്കോ, ജോഷി താളിപ്പാടം, ടി.പി. രാജു, പോൾ ചളിക്കപൊട്ടി എന്നിവർ പ്രസംഗിച്ചു.