കന്യാസ്ത്രീകളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
1580096
Thursday, July 31, 2025 5:46 AM IST
നിലന്പൂർ: ഛത്തീസ്ഗഡിൽ ഹിന്ദുത്വ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ മലപ്പുറം ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും ഇല്ലാതാക്കാൻ മത തീവ്രവാദികൾ ശ്രമിക്കുന്നുതായി ബത്തേരി രൂപതാധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. ക്രൈസ്തവ സംഘടനകൾ സംയുക്തമായി നിലന്പൂരിൽ നടത്തിയ പ്രതിഷേധ സദസിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും ഇല്ലാതാക്കാൻ മത തീവ്രവാദികൾ ശ്രമിക്കുന്നുപ്രധാനമന്ത്രിയോട് കാര്യങ്ങൾ നേരിട്ട് പറഞ്ഞിട്ട് അഞ്ച് ദിവസമായിട്ടും കന്യാസ്ത്രീകളുടെ ജയിൽ മോചനം വൈകുന്നത് ആശങ്കാജനകമാണ്. ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ല.
കന്യാസ്ത്രീമാരുടെ അറസ്റ്റ് ക്രൈസ്തവർക്ക് നേരെയുള്ള വിലങ്ങ് മാത്രമല്ല, ഭാരതത്തിന്റെ ഹൃദയത്തിലിട്ട വിലങ്ങ് കൂടിയാണെന്ന് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ബോധപൂർവം നടത്തുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണ് ഇതിന് പിന്നിലുള്ളത്. മതപരിവർത്തനം എന്നൊരു വാക്ക് ക്രൈസ്തവരുടെ അജണ്ടയിൽ ഇല്ലാത്തതാണ്.
കന്യാസ്ത്രീകളുടെയും സഭയുടെയും മതം കാരുണ്യവും സ്നേഹവും മാത്രമാണ്. കന്യാസ്ത്രീകളെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നി ഗുരുതര വകുപ്പുകൾ ഉപയോഗിച്ച് അറസ്റ്റ് ചെയ്യരുത്. ഇതെല്ലാം രാജ്യം ഭരിക്കുന്നവരുടെ മൗനാനുവാദം ഉള്ളതു കൊണ്ടാണെന്ന് ഡോ. ജോസഫ് മാർ തോമസ് മെത്രാപോലീത്ത ആരോപിച്ചു.
ന്യൂനപക്ഷങ്ങൾ ആരാധിക്കാൻ പാടില്ല,പള്ളി പണിയാൻ പാടില്ല എന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ജനങ്ങളുടെ തീരുമാനങ്ങൾ അംഗീകരിക്കുന്നവരാണ് ക്രൈസതവരെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾ ജയിൽ മോചിതരാകും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം മൂന്നറിയിപ്പ് നൽകി.
ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള അക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ പറഞ്ഞു. പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്രിസ്ത്യൻ മിഷനറിമാർക്കും ക്രൈസ്തവവർക്കുമെതിരേയുള്ള ആക്രമങ്ങൾ രാജ്യത്ത് വർധിക്കുന്നു.
ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ക്രൈസ്തവ സഭയുടെ സംഭാവന ഏറെ വലുതാണെന്നും ഈ പോരാട്ടത്തിൽ ക്രൈസ്തവ സഭയ്ക്കൊപ്പം താനും തന്റെ പ്രസ്ഥാനവും കൂടെ ഉണ്ടാകുമെന്നും എംഎൽഎ വ്യക്തമാക്കി. ബിജെപിയുടെ ചതി ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് തുടർന്ന് പ്രസംഗിച്ച നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം പറഞ്ഞു.
നിലന്പൂർ - എടക്കര മേഖലകളിലെ എംസിഎ, എംസിവൈഎം, കെസിവൈഎം, എംസിഎംഎഫ്, വൈഎംസിഎ തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഫാ. ആന്േറാ ഡൈനിഷ്സ്, ഫാ. സണ്ണി കൊല്ലാർതോട്ടം, ഫാ.ഷിജു, ബിജു പോൾ, നിലന്പൂർ നഗരസഭ കൗണ്സിലർമാരായ സ്കറിയ ക്നാ തോപ്പിൽ, ഡെയ്സി ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പ്രതിഷേധ സദസിൽ പങ്കെടുത്തു.
മലപ്പുറം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച ആർഎസ്എസ്, ബിജെപി ഗവണ്മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടിയെ കത്തോലിക്ക കോണ്ഗ്രസ് മലപ്പുറം മേഖലാ കമ്മിറ്റി ശക്തമായി അപലപിച്ചു.
നിന്ദ്യവും നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ നടപടിയെ, ജനാധിപത്യ മൂല്യം ഉൾക്കൊള്ളുന്ന എല്ലാ വിശ്വാസികളും ജനസമൂഹവും ഒറ്റക്കെട്ടായി എതിർക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് മനുഷ്യാവകാശത്തെ ഹനിക്കുന്ന ദുഷ് ചെയ്തികൾക്കെതിരെ മാനവസമൂഹം ഒറ്റക്കെട്ടായി ഉണർന്നു പ്രവർത്തിക്കണമെന്നും കുറ്റം ചെയ്യാതെ നൻമയുടെ വഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ഉടൻ ജയിൽ മോചിതരാക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് മലപ്പുറം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മലപ്പുറം മേഖല പ്രസിഡന്റ് എ.ജെ.ആന്റണി അലക്കൽ അധ്യക്ഷത വഹിച്ചു. ഫാ. ബിജു ചെന്നിക്കര സന്ദേശം നൽകി. സെക്രട്ടറി ജോണി ടി. മാത്യു, റാണി സനീഷ്, പി.എ.ജോസഫ് പുല്ലൻ കുന്നേൽ, ജിമ്മി കോട്ടയ്ക്കൽ, ഡെന്നീസ് തിരൂർ, സീമഷാലറ്റ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
എടക്കര: തലഞ്ഞി സെന്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോസ് താന്നിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയ്നേഷ് പുതുക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിനെതിരെയുള്ള ഭരണഘടനാ വിരുദ്ധമായ കടന്നുകയറ്റങ്ങളെ ശക്തമായ ഭാഷയിൽ യോഗം അപലപിച്ചു. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും അവർക്കെതിരായ വ്യാജക്കേസ് പിൻവലിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. കൈക്കാരൻമാരായ ചാക്കോ കീഴേത്ത്, ജോർജ് വടയാപറന്പിൽ, ഷിജു പെരുമനപ്പറന്പിൽ, ജോർജ്കുട്ടി കോട്ടേപ്പറന്പിൽ, സെക്രട്ടറി അജയ് ഘോഷ് എന്നിവർ പ്രസംഗിച്ചു.
എടക്കര: പാലാങ്കര ശ്രേയസ് യൂണിറ്റ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. നീതി നിഷേധിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് ധർണയും നടത്തിയത്. ശ്രേയസ് മേഖലാ കോ ഓർഡിനേറ്റർ ടി.ടി. ജോണ്സണ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.ജി.രാജു അധ്യക്ഷത വഹിച്ചു.
സിസിലി നെല്ലിക്കാകുഴി, സാനി ദേവസ്യ, സണ്ണി വാരിതുണ്ടിയിൽ, ഏലിയാമ്മ തോമസ്, ബീന ജോണ്സണ്, അച്ചൻകുഞ്ഞ് മാണികുളം, എൽസി തോമസ്, റെനി ബിനോയ്, മാത്യു മണലോടി എന്നിവർ പ്രസംഗിച്ചു.
മണിമൂളി: മണിമൂളി ക്രിസ്തുരാജാ ഫൊറോന ദേവാലയത്തിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ മണിമൂളി ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. വ്യാജ ആരോപണം ഉന്നയിച്ച് കന്യാസ്ത്രീമാരെ തടവിലാക്കിയ ഛത്തീസ്ഗഡ് ഗവണ്മെന്റിന്റെ നടപടിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചും അനീതിക്കെതിരെ പ്രതിഷേധിച്ചമായിരുന്നു പ്രകടനം.
വികാരി ഫാ. ബെന്നി മുതിരക്കാലയിൽ പ്രകടനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത കെസിവൈഎം സെക്രട്ടറി ജെസ്റ്റിൻ ലൂക്കോസ് നീലംപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം, ചെറുപുഷ്പ മിഷൻലീഗ്, എകെസിസി, മാതൃവേദി, പിതൃവേദി, വിൻസെന്റ്
ഡി പോൾ, എസ്ഡബ്ലിയുഎസ് യൂണിറ്റ് പ്രതിനിധികൾ, ഇടവകാംഗങ്ങൾ തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.
ഇടവക അസിസ്റ്റന്റ് വികാരി ഫാ. അമൽ മുളംങ്ങാട്ടിൽ, കൈക്കാരൻമാരായ അനീഷ് മൂലയിൽ, അനീഷ് വിത്തുവെട്ടിക്കൽ, ജോജോ അറക്കനെല്ലിശേരി, സോജൻ കറുകപള്ളി എന്നിവർ നേതൃത്വം നൽകി.
തിരൂർ: കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ കേരള കോണ്ഗ്രസ് -എം തിരൂർ നിയോജക മണ്ഡലം പ്രതിഷേധിച്ചു.
കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരുന്ന ന്യൂനപക്ഷ പീഢനത്തിന്റെ തുടർച്ചയാണ് ഈ സംഭവമെന്ന് യോഗം വിലയിരുത്തി. മത സൗഹാർദത്തിനും ഭരണഘടനയ്ക്കും എതിരേയുള്ള കൈയേറ്റമാണിതെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി മെംബർ രാജ്. കെ. ചാക്കോ യോഗം ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് പി.സി. പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ജോഷി അബ്രഹാം, ജോണി. ടി. മാത്യു, ഡെന്നീസ് ജോസഫ്, ഷിബു ചാക്കോ എന്നിവർ പ്രസംഗിച്ചു.