നിലന്പൂർ നഗരസഭയിൽ ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി തർക്കം
1579951
Wednesday, July 30, 2025 5:40 AM IST
നിലന്പൂർ: ഓഡിറ്റ് റിപ്പോർട്ടിനെ ചൊല്ലി നിലന്പൂർ നഗരസഭാ യോഗത്തിൽ കൊന്പുകോർത്ത് ഭരണപക്ഷവും പ്രതിപക്ഷവും. നഗരസഭയുടെ 2023-2024 ലെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്, ബോർഡ് യോഗത്തിൽ പരിഗണനക്ക് വന്നപ്പോഴാണ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട് എടുത്തു കാട്ടുന്നതായി പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
പൊതുമരാമത്ത് വകുപ്പിലാണ് എട്ട് കോടിയിലേറെ രൂപയുടെ ക്രമക്കേടുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ, വികസന വകുപ്പുകളിലുൾപ്പെടെ വലിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓഡിറ്റ് റിപ്പോർട്ടിൽ നഗരസഭക്കെതിരേ ഒരു ക്രമക്കേടും ഇല്ലെന്ന് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ പറഞ്ഞു. ഉദ്യോഗസ്ഥ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടാൻ യോഗം തീരുമാനമെടുത്തിട്ടുണ്ട്.
2010 മുതൽ 2020 വരെ അധികാരത്തിലിരുന്ന യുഡിഎഫ് ഭരണ സമിതികൾക്കെതിരേ ഓഡിറ്റ് റിപ്പോർട്ടുകളിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. അന്ന് ഭരണകക്ഷിയിലെ അംഗമായിരുന്ന നേതാവാണ് ഇപ്പോൾ ഇല്ലാത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. സദ്ഗമയ പദ്ധതി, ഒപ്പത്തിനൊപ്പം പദ്ധതി, റിയലൻസ് കേബിൾ സ്ഥാപിക്കൽ ഉൾപ്പെടെ ഇതിൽപ്പെടും. യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് 2850 തെരുവ് വിളക്കുകൾ സ്ഥാപിച്ചുവെന്ന് കണക്കുകൾ കാണിച്ചിരുന്നുവെങ്കിലും ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് 1550 എണ്ണം മാത്രമായിരുന്നു.
നാലര വർഷമായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിൽ പോലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും ബഷീർ പറഞ്ഞു. നഗരസഭ വൈസ് ചെയർ പേഴ്സണ്‍ അരുമ ജയകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ കക്കാടൻ റഹീം. യു.കെ. ബിന്ദു എന്നിവരും പങ്കെടുത്തു.