ഹെപ്പറ്റൈറ്റിസ് ദിനത്തിൽ ജില്ലാശുപത്രിയിൽ ബോധവത്കരണം നടത്തി
1579945
Wednesday, July 30, 2025 5:40 AM IST
പെരിന്തൽമണ്ണ: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ അൽഷിഫ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ സഹായത്തോടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ബോധവത്ക്കരണം സംഘടിപ്പിച്ചു.
ജനറൽ മെഡിസിൻ മേധാവി ഡോ. നോബി നെൽസണ്‍ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് എ വൈറസ് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്.
പല സ്ഥലങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് മുതൽ ആറ് ആഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങളായ പനി, ഛർദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെടും. രോഗം മൂർച്ചിച്ചാൽ മഞ്ഞപിത്തം, കണ്ണിലെ മഞ്ഞനിറം, കൈ വെള്ളയിലും കാൽ വെള്ളയിലും മഞ്ഞനിറവും പിടിപെട്ട് ഗുരുതരാവസ്ഥയിലേക്ക് നീങ്ങും.
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറുടെ സഹായം തേടുക എന്നിവ പാലിക്കണം. പെരിന്തൽമണ്ണ ജില്ലാശുപതിയിൽ ഡോ. നസ്റുദീന്റെ നേതൃത്വത്തിൽ ഹെപ്പറ്റൈറ്റിസ് ബി, സി രോഗികൾക്കായി ചികിത്സയും ടെസ്റ്റും മരുന്നുകളും സൗജന്യമാണ്. മഞ്ഞപ്പിത്തത്തിനെതിരേയും ചികിത്സ ലഭ്യമാണ്.
പരിപാടിയിൽ അൽഷിഫ നഴ്സിഗ് വിദ്യാർഥികൾ ഫ്ളാഷ് മോബ്, റോൾപ്ലേ ബോധവത്ക്കരണ ലഘുനാടകം എന്നിവ അവതരിപ്പിച്ചു. എച്ച്ഐസി സീനിയർ നഴ്സിംഗ് ഓഫീസർ ഷീബ, അൽഷിഫ നഴ്സിംഗ് കോളജ് അസിസ്റ്റന്റ് പ്രഫ. കെ. പ്രജുഷ ഉണ്ണി, ലക്ചറർ അഞ്ജലി മോഹൻ, എൻവിഎച്ച്സിപി ഫാർമസിസ്റ്റ് മുഹമ്മദ് ഷാഫി, പിആർഒ നിധീഷ് എന്നിവർ പ്രസംഗിച്ചു.