പെരിന്തൽമണ്ണയിൽ ബൈപാസിനായി വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
1579753
Tuesday, July 29, 2025 8:07 AM IST
പെരിന്തൽമണ്ണ: ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ, മങ്കട മണ്ഡലത്തിലെ വ്യാപാരികൾ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് സമര പ്രഖ്യാപന സംഗമം നടത്തുന്നത്.
ദേശീയപാതയിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിനായി മാനത്തുമംഗലം - ഓരാടംപാലം ബൈപാസ്, വൈലോങ്ങര - ഓരാടംപാലം ബൈപാസ്, ഏഴ്കണ്ണിപാലം റെയിൽവേ അണ്ടർ പാസ് യാഥാർഥ്യമാക്കുക, ദേശീയപാതയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികൾ പ്രതിഷേധിക്കുന്നത്.
ഓഗസ്റ്റ് 13ന് അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ അടിഭാഗത്ത് നിന്ന് ജാഥയായി തളി ജംഗ്ഷനിൽ സമാപിക്കുന്ന പ്രതിഷേധ സംഗമം സംസ്ഥാന വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും.
ഇതുസംബന്ധിച്ച് പെരിന്തൽമണ്ണ വ്യാപാര ഭവനിൽ ചേർന്ന യോഗം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്. മൂസു ഉദ്ഘാടനം ചെയ്തു. കെവിവിഇഎസ് മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം അധ്യക്ഷത വഹിച്ചു.
ജബ്ബാർ അങ്ങാടിപ്പുറം, അസീസ് മുല്ലപ്പള്ളി, ഗഫൂർ പാലപ്ര, ലത്തീഫ് ടാലന്റ്, അഷ്റഫ് പുത്തൂർ, മുഹമ്മദ് ഇഖ്ബാൽ, മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദലി, സമദ് എന്നിവർ പ്രസംഗിച്ചു.