ആനുകൂല്യം തടസപ്പെടുത്തിയെന്നാരോപിച്ച് ജീവനക്കാരനെ സിപിഎം ഉപരോധിച്ചു
1579759
Tuesday, July 29, 2025 8:07 AM IST
എടക്കര: പട്ടികവർഗ വിഭാഗത്തിലെ വയോധികക്ക് ആനുകൂല്യം തടസപ്പെടുത്തിയെന്നാരോപിച്ച് എടക്കര ഗ്രാമപഞ്ചായത്ത് ജീവനക്കാരനെ സിപിഎം പ്രവർത്തകർ ഉപരോധിച്ചു.
ആറാം വാർഡിലെ താമസക്കാരിയായ ജാനകി (80) യുടെ ആനുകൂല്യം തടസപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഉപരോധം. വാർഷിക പദ്ധതിയിൽ നടപ്പാക്കുന്ന പട്ടികവർഗ കുടുംബങ്ങളുടെ വീട് റിപ്പയറിംഗിന് ജാനകിയും ഉൾപ്പെട്ടിരുന്നു. റിപ്പയറിംഗ് പ്രവൃത്തി പൂർത്തീകരിച്ചിട്ട് രണ്ടുമാസമായി.
പഞ്ചായത്ത് ഓവർസിയർ കുറഞ്ഞ വാല്യൂവേഷൻ മാത്രമാണ് പ്രവൃത്തിക്ക് നൽകിയത്. തുടർച്ചയായി പഞ്ചായത്തിൽ കയറിയിറങ്ങി വീടിന് ചെലവഴിച്ച തുകയുടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും വാല്യൂവേഷൻ കൂട്ടി നൽകാൻ ഉദ്യോഗസ്ഥൻ തയാറായില്ല. വയോധികയുടെ പരാതിയിൽ ഇടത് അംഗങ്ങളും നേതാക്കളും ഇടപെട്ട് സംസാരിച്ചിട്ടും തീരുമാനമായില്ല. തുടർന്നാണ് സിപിഎം പ്രവർത്തകർ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചത്.
എടക്കര പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രവൃത്തിയുടെ മുഴുവൻ വാല്യൂവേഷൻ അനുവദിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിച്ചത്.
ലോക്കൽ സെക്രട്ടറി പി.കെ. ജിഷ്ണു, ജനപ്രതിനിധികളായ സോമൻ പാർലി, സന്തോഷ് കപ്രാട്ട്, സനൽ പാർലി, അജി സുനിൽ, റസിയ തുണ്ടിയിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ. ചന്ദ്രൻ സി. ജയപ്രകാശ്, എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.