തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു: കോഴിമാലിന്യ സംസ്കരണ കേന്ദ്രം ഉടമയ്ക്ക് നോട്ടീസ് നൽകും
1579449
Monday, July 28, 2025 5:35 AM IST
നിലന്പൂർ: അളക്കൽ - വിജയപുരത്തെ കോഴി മാലിന്യസംസ്കരണ കേന്ദ്രം ഉടമയ്ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകും. സംസ്കരണ കേന്ദ്രത്തിൽ നിന്ന് മലിനജലം സമീപത്തെ കുറുഞ്ഞി തോട്ടിലേക്ക് വ്യാപകമായി ഒഴുക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാലിയാർ ഗ്രാമഞ്ചായത്ത് ബോർഡ് യോഗ തീരുമാന പ്രകാരം മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ സ്വദേശി ടി.വി. മുഹമ്മദ് മുസ്തഫക്ക് ചാലിയാർ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ നോട്ടീസ് നൽകും. കുറുഞ്ഞിതോട്ടിലേക്ക് മലിന ജലം ഒഴുക്കുന്ന നടപടി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക.
ചാലിയാർ പഞ്ചായത്ത് പതിനാലാം വാർഡിലെ വിജയപുരത്ത് പ്രവർത്തിക്കുന്ന മെജസ്റ്റിക് അഗ്രോ ഫുഡ് എന്ന കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് മാനദണ്ഡം പാലിക്കാതെ കേവലം 500 മീറ്റർ മാത്രം അകലെയുള്ള കുറുഞ്ഞിതോട്ടിലേക്ക് കോഴി മലിന്യസംസ്കരണത്തിന് ശേഷം മലിനജലവും രക്തവും ഒഴുക്കിവിടുന്നതായി ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ സ്ഥലം സന്ദർശിച്ച ശേഷം മെഡിക്കൽ ഓഫീസർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ബോർഡ് യോഗം അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന പെരുവന്പാടം ഗ്രാമസഭയിൽ വിഷയത്തിൽ പ്രമേയവും കൊണ്ടുവന്നിരുന്നു.
ബോർഡ് യോഗം ഐക്യകണ്ഠേനയാണ് നടപടിക്ക് ശിപാർശ നൽകിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന നിലപാട് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്ന് വാർഡ് അംഗം സിബി അന്പാട്ട് ഉൾപ്പെടെ മുഴുവൻ അംഗങ്ങളും പറഞ്ഞു. സംസ്കരണ കേന്ദത്തിൽ ആവശ്യത്തിന് ഫിൽട്ടറിംഗ് പ്ലാന്റുകളില്ല. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് തോട്ടിലേക്ക് മലിനജലവും രക്തവും ഒഴുക്കുന്നത്.
പെരുവന്പാടം നഗറിലെ നൂറിലധികം എസ്ടി കുടുംബങ്ങൾ കുളിക്കാനും അലക്കാനും ആശ്രയിക്കുന്നത് കുറഞ്ഞിതോടിനെയാണ്. തോട്ടിലൂടെ ഒഴുകി വരുന്ന മലിനജലം കുറുവൻപുഴയിലൂടെ ചാലിയാർ പുഴയിലേക്കും എത്തും. ബോർഡ് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു.