‘പാലോളിപ്പറന്പിൽ അമിതവേഗത നിയന്ത്രിക്കണം’
1579455
Monday, July 28, 2025 5:39 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ -ചെർപ്പുളശേരി പാതയിലെ പാലോളിപറന്പിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സംവിധാനം വേണമെന്നാവശ്യം ശക്തമാകുന്നു. വാഹനങ്ങളുടെ അതിവേഗത കാരണം ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. പ്രധാന റോഡിൽ നിന്ന് ചെറുകരയിലേക്കുള്ള റോഡ് തിരിയുന്ന ജംഗ്ഷനും ഉൾപ്പെട്ടതാണ് പാലോളിപറന്പ്. റോഡിന്റെ അശാസ്ത്രീയത കാരണം എതിരെ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപെടാതെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നു.
പാലോളിപ്പറന്പിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിന് സംവിധാനം വേണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ പ്രസിഡന്റ് സി.കെ. അബ്ദുൾ ജബ്ബാർ, സംസ്ഥാന കോ ഓർഡിനേറ്റർ ദീപാറാണി എന്നിവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡന്റ് സി.കെ. അബ്ദുൾ ജബ്ബാർ, എക്സിക്യൂട്ടീവ് അംഗം കവിത ജയകൃഷ്ണൻ, ഭാരവാഹികളായ സോഫി, രഹ് ന, സക്കീർ തൂവൂർ, നാരായണൻ എന്നിവരാണ് നിവേദനം നൽകിയത്.
റോഡ് നവീകരിച്ചതിനാൽ വാഹനങ്ങൾ അതിവേഗത്തിലാണ് ഇതുവഴി പോകുന്നത്. ഇപ്പോൾ റോഡിന്റ ഡ്രൈനേജ് പ്രവൃത്തികൾ നടക്കുകയാണ്. ഇതോടൊപ്പം വാഹനങ്ങളുടെ വേഗത കുറക്കാൻ സീബ്രാലൈൻ ഇടുകയും സ്പീഡ് നിയന്ത്രണ ബോർഡ് വയ്ക്കുകയും സൂചന ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.