മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകി ‘അരുണോർമ’ സംഘടിപ്പിച്ചു
1579452
Monday, July 28, 2025 5:35 AM IST
പെരിന്തൽമണ്ണ: ഊർജസ്വലനായ സംഘാടകൻ എന്ന നിലയിൽ മികച്ച പാടവം തെളിയിച്ച സുഹൃത്തായിരുന്നു അരുണ്‍കുമാർ എന്ന് മന്ത്രി എം.ബി.രാജേഷ്. പെരിന്തൽമണ്ണയിലെ സാംസ്കാരിക വഴികളിൽ ചലനാത്മകമായ ഒരു കാലം പണിത്, അകാലത്തിൽ വിട്ടുപിരിഞ്ഞ പി.ടി.അരുണ്‍കുമാറിന്റെ സ്മരണയിൽ നടന്ന ’അരുണോർമ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാൾ വിട്ടുപോയതിന്റെ വേദന പലർക്കും പലതാണ്. എന്നാൽ അരുണിന്റെ ഓർമ സമരായുധം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. പി.ടി.അരുണ്‍കുമാർ സ്മാരക സാംസ്കാരിക സമിതി സംഘടിപ്പിച്ച പരിപാടിയിൽ സമിതി പ്രസിഡന്റ് സി. വാസുദേവൻ അധ്യക്ഷത വഹിച്ചു.
സമിതി ഏർപ്പെടുത്തിയ അരുണ്‍കുമാർ സ്മാരക പുരസ്കാരം മന്ത്രിയിൽ നിന്ന് ജീവകാരുണ്യപ്രവർത്തകൻ സലീം കിഴിശേരി ഏറ്റുവാങ്ങി. ജൂറി അംഗം പി.എസ്.വിജയകുമാർ പുരസ്കാര പ്രഖ്യാപനം നടത്തി. സലീം കിഴിശേരി മറുപടി പറഞ്ഞു.
പി.പത്മജ അനുസ്മരണ പ്രഭാഷണം നടത്തി. പി.പി.വാസുദേവൻ, വി.രമേശൻ, കെ.കൃഷ്ണൻകുട്ടി, കെ.ജയദേവൻ, ഗോവിന്ദൻകുട്ടി കർത്ത, പി.ജി.സാഗരൻ, പി.വേണുഗോപാൽ, കെ.വീരാപ്പു, സജിത്ത് പെരിന്തൽമണ്ണ, വി.സി.ശങ്കരനാരായണൻ, ജാഫർ കക്കൂത്ത്, സജി ചെറുകര, ദേവിക എന്നിവർ പ്രസംഗിച്ചു.
അരുണിനു സമർപ്പിച്ച് പാട്ടോർമകൾ മനോജ്കുമാർ പെരിന്തൽമണ്ണ അവതരിപ്പിച്ചു. സജി ചെറുകര വരച്ച കോഫി പെയ്ന്റിംഗ് സ്മാരക സമിതി മന്ത്രിക്കു സമ്മാനിച്ചു. സമിതി സെക്രട്ടറി പി.തുളസീദാസ് സ്വാഗതവും ട്രഷറർ ഡോ.പി.വി.അരുണ്‍ നന്ദിയും പറഞ്ഞു.