പാലിയേറ്റീവ് കെയർ വോളണ്ടിയർ പരിശീലന ക്യാന്പ് തുടങ്ങി
1579946
Wednesday, July 30, 2025 5:40 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള പൂക്കോയ തങ്ങൾ ഹോസ്പിസ് (പിടിഎച്ച്) ത്രിദിന പരിശീലന ക്യാന്പിന് തുടക്കമായി. 31ന് സമാപിക്കും.
സ്വാന്തന ചികിത്സാരംഗത്ത് പുതിയ കാൽവയ്പായി മുസ്ലിം ലീഗ് മുൻകൈയെടുത്തു നടപ്പാക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ പെരിന്തൽമണ്ണയിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ വോളണ്ടിയർമാർക്കുള്ള ത്രിദിന പരിശീലനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്വാന്തന ചികിത്സാരംഗത്ത് പെരിന്തൽമണ്ണ സി.എച്ച്. സെന്ററിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന സേവനങ്ങൾ ജനങ്ങളിലെത്തിക്കുക എന്നുള്ളതാണ് വനിതാ വോളണ്ടിയർമാരിലൂടെ ഉദ്ദേശിക്കുന്നതെന്ന് തങ്ങൾ പറഞ്ഞു.
പിടിഎച്ച് സംസ്ഥാന കോ ഓർഡിനേറ്റർ ഡോ.എം.എ. അമീറലി, ജോസ് പുളിമൂട്ടിൽ, എം.ടി. മുഹമ്മദ് തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്. ചടങ്ങിൽ സി.എച്ച്. സെന്റർ ജനറൽ സെക്രട്ടറി അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷനായിരുന്നു.
നാലകത്ത് സൂപ്പി, അഡ്വ. നജ്മ തബ്ഷീറ, പി.കെ. അബൂബക്കർ ഹാജി, ഹബീബ് റഹ്മാൻ വേങ്ങൂർ, നാലകത്ത് ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു. സി.എച്ച്. സെന്ററിന് വേണ്ടി അബുദാബി ചാപ്റ്റർ സ്വരൂപിച്ച സഹായധനം ഫൈസൽ, ബാസിത് എന്നിവരിൽ നിന്ന് റഷീദലി തങ്ങൾ ഏറ്റുവാങ്ങി.