വന്യജീവി ഭീതിയിൽ മലയോരം; വനംവകുപ്പ് നിസംഗതയിൽ
1579754
Tuesday, July 29, 2025 8:07 AM IST
കരുവാരകുണ്ട്: കടുവ ഭീതിയൊഴിയും മുന്പേ കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ സൃഷ്ടിച്ച ഭീകരാന്തരീഷത്തെത്തുടർന്ന് മലയോര ജനതയുടെ ഭീതി പതിൻമടങ്ങ് വർധിച്ചു.
കരുവാരകുണ്ട് ടൗണിനു സമീപവും മലയോരത്തും കഴിഞ്ഞ ദിവസങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ സാന്പത്തിക നഷ്ടവും വിളനഷ്ടവുമാണ് കാട്ടാനകൾ വരുത്തിയത്. വനം വകുപ്പധികൃതർ ഇക്കാര്യത്തിൽ മൗനം തുടരുകയാണെന്ന് ജനങ്ങൾ ആരോപിക്കുന്നു. തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തി മലയോര മേഖലയിൽ ഭീഷണി സൃഷ്ടിച്ച കടുവയെ പിടികൂടാനുള്ള ശ്രമത്തിനൊടുവിൽ കടുവ കൂട്ടിലായതിന്റെ ആശ്വാസമൊഴിയും മുന്പേയാണ് കാട്ടാനകളുടെ വിളയാട്ടമെന്നും മലയോര ജനത ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം കരുവാരക്കുണ്ട് മേഖലയിൽ കടുവയെ വീണ്ടും കണ്ടെന്ന വാർത്ത പ്രചരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. കേരള എസ്റ്റേറ്റ് സുൽത്താന എസ്റ്റേറ്റിനു സമീപം ടാപ്പിംഗ് തൊഴിലാളി കഴിഞ്ഞ ദിവസം കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കരുവാരകുണ്ടിന്റെ മലയോരങ്ങളിലാണ് കടുവയുടെയും പുളളിപ്പുലിയുടെയും സാന്നിധ്യമുള്ളത്. ഇവിടങ്ങളിലെ പാറയിടുക്കുകളിലും ഗുഹകളിലുമാണ് ഇവ വിശ്രമിക്കുന്നതെന്നും ആദിവാസികൾ അടക്കമുള്ളവർ പറയുന്നത്.
കാടിന് താങ്ങാവുന്നതിനുമപ്പുറമാണ് അപകടകാരികളായ കാട്ടാനയടക്കമുള്ള കാട്ടുമൃഗങ്ങൾ വനത്തിനുള്ളിൽ പെരുകിയിരിക്കുന്നതെന്നും മലയോര കർഷകർ ചൂണ്ടിക്കാട്ടുന്നു. കാട്ടുമൃഗങ്ങളെ ഭയന്ന് മലയോരത്ത് വസിച്ചിരുന്ന കർഷക കുടുംബങ്ങളിലധികവും സുരക്ഷിത താവളങ്ങൾ തേടിപോയി. മറ്റുവഴികളില്ലാത്തവർ മാത്രമാണ് ഇന്ന് മലയോര കൃഷിയിടങ്ങളിൽ തങ്ങുന്നത്.
മേഖലയിൽ ഒന്നിലധികം കടുവകൾ ഉണ്ടെന്നും പുലി, കാട്ടുപോത്ത്, കാട്ടാന, കാട്ടുപന്നി, ചെന്നായ്തുടങ്ങി മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങൾ വർധിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.ഇവ ജനവാസകേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നടപടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷക സമൂഹം.