പാലിന്റെ സംഭരണ വില ഉയർത്തണം : മിൽമ ഓഫീസിലേക്ക് ക്ഷീര കർഷകരുടെ പ്രതിഷേധ മാർച്ച്
1579944
Wednesday, July 30, 2025 5:40 AM IST
നിലന്പൂർ: മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമ നിലന്പൂർ ഓഫീസിലേക്ക് മാർച്ച് നടത്തി. ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരം കാണാതെയുള്ള മിൽമ ഫെഡറേഷഷന്റെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. പാലിന്റെ സംഭരണ വില വർധിപ്പിക്കൂ, ക്ഷീര കർഷകരെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമാണ് മാർച്ചിൽ ഉയർത്തിയത്.
കടുത്ത പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകരെ അവഗണിച്ച് കച്ചവട താൽപര്യം മുൻ നിർത്തിയുള്ള മിൽമ ഭരണസമിതി തീരുമാനം ഈ മേഖലയുടെ തകർച്ചക്ക് ആക്കം കൂട്ടുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വിലവർധനവ്, 200 ശതമാനത്തോളം വർധിച്ച ചികിത്സാച്ചെലവ്, വീട്ടുപടിക്കൽ ചികിത്സ, എന്ന് സർക്കാർ പറയുന്പോഴും 2000 രൂപ മുതൽ ആണ് ഫീസ് തുടങ്ങുന്നത്.
കാലാവസ്ഥ വ്യതിയാനം, മൃഗസംരക്ഷണ മേഖലയിൽ വന്ന കെടുകാര്യസ്ഥത, പാൽ അല്ലാത്ത എല്ലാ വസ്തുക്കളുടെയും വില വർധനവ് എന്നിവ മൂലം ഉണ്ടായ വിലക്കയറ്റം ക്ഷീര കർഷകർക്കും ജീവിത ചെലവ് വർധിപ്പിച്ചിട്ടുണ്ട്. മേഖല കടുത്ത പ്രതിസന്ധിയിൽ തുടരുന്പോഴും മൂന്ന് വർഷത്തോളമായി പാലിന് സംഭരണ വില വർധിപ്പിക്കാത്തത് കർഷകരുടെ ദൈനംദിന ചെലവിന് പോലും കടം വാങ്ങേണ്ട അവസ്ഥയിലെത്തി.
2024 കന്നുകാലി സെൻസെസ് റിപ്പോർട്ട് കർഷകരുടെ കൊഴിഞ്ഞുപോക്കിനെ സാക്ഷ്യപ്പെടുത്തുന്നതാണ്. സംസ്ഥാനത്തെ കറവമാടുകളെ സംരക്ഷിക്കാതെയും ക്ഷീര കർഷകരെ അവഗണിച്ചും പാൽ ഉത്പാദനം കൂട്ടാൻ പദ്ധതികൾ ആവിഷ്കരിക്കാതെയും ഇതര സംസ്ഥാനത്തെ പാൽ ഇറക്കുമതി ചെയ്ത് വിപണനം നടത്തി മുന്നോട്ട് പോകുന്ന മിൽമയുടെ നടപടി പ്രഖ്യാപിത നയങ്ങളുടെ ലംഘനമാണ്.
അടിയന്തരമായി വിഷയങ്ങളിൽ ഇടപെട്ട് അനുകൂല നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ച്. സംസ്ഥാന സെക്രട്ടറി താജ് മൻസൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇസ്മായിൽ വേങ്ങര അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഹദ് മോങ്ങം, ജലീൽ കരുളായി, എൻ. വേലുക്കുട്ടി, അലവി ഹാജി മൊറയൂർ, കെ.ടി. ദാസൻ ചോക്കാട്, പി.എം. ജോയി തോട്ടുമുക്കം, ലഞ്ചു മാത്യു, മനോജ് ചോക്കാട് എന്നിവർ പ്രസംഗിച്ചു.