കഞ്ചാവ് കേസ്: രണ്ടു പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവ്
1579751
Tuesday, July 29, 2025 8:07 AM IST
മഞ്ചേരി: 8.020 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പാലക്കാട് അഗളി സ്വദേശികളായ ചെമ്മണ്ണൂർ കരുണാലയം വിൽസണ്, വലിയ പറന്പിൽ വീട്ടിൽ വിമൽ എന്നിവരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം അധിക തടവും അനുഭവിക്കണം. 2018 ഏപ്രിൽ 14നാണ് കേസിനാസ്പദമായ സംഭവം.
വൈകിട്ട് 4.25ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടിലാംപാടം എന്ന സ്ഥലത്ത് വിൽപ്പനക്കായി മോട്ടോർ സൈക്കിളിൽ എത്തിച്ച കഞ്ചാവ് പിടികൂടിയത്. കരുവാരക്കുണ്ട് പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന ജ്യോതീന്ദ്രകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. പെരിന്തൽമണ്ണ ഡിവൈഎസ്പിയായിരുന്ന എം.പി. മോഹനചന്ദ്രൻ ആണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഏഴ് സാക്ഷികളെ കോടതി മുന്പാകെ വിസ്തരിച്ചു.