പെരിന്തൽമണ്ണയിലും പരിസരത്തും റോഡിലെ കുഴികൾ ദുരിതമാകുന്നു
1579447
Monday, July 28, 2025 5:35 AM IST
പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെ ഉടനീളം കുഴികൾ. രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം വാഹനങ്ങൾ കുഴികളിൽ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായി. അങ്ങാടിപ്പുറത്ത് മേൽപാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനമില്ല.
പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേൽപാലത്തിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോണ്ക്രീറ്റ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങൾ ഇറങ്ങി വാഹനങ്ങൾ കുടുങ്ങുന്ന അവസ്ഥയാണ്.
പെരിന്തൽമണ്ണ ഭാഗത്ത് പ്രസന്റേഷൻ സ്കൂളിനു മുന്നിലായി റോഡിന്റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങൾക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കുഴിയിൽ വീണ് മറിഞ്ഞ സാഹചര്യമുണ്ടായി. പരാതി രൂക്ഷമാകുന്പോൾ കോഴിക്കോട് റോഡ് ബൈപ്പാസ് ജംഗ്ഷനിൽ അൽപം മണ്ണിട്ട് കുഴികൾ മൂടുന്ന സാഹചര്യമാണ്. ദേശീയപാത പാടെ തകർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല.
ജില്ലാ ആശുപത്രിക്കു മുൻവശത്തും റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. ആംബുലൻസുകൾ ഉൾപ്പെടെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്ന സാഹചര്യമാണുള്ളത്.