ലേലം റദ്ദാക്കി, വനംവകുപ്പ് ഭൂമിയിലെ കശുവണ്ടി ശേഖരണം അവതാളത്തില്‍
1280792
Saturday, March 25, 2023 1:05 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള വിവിധ ഭൂമികളില്‍നിന്ന് കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശത്തിനായി ഈ വര്‍ഷം നടത്തിയ ലേലം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റദ്ദാക്കി. മിക്കവാറും എല്ലാ തോട്ടങ്ങളിലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വളരെ കുറഞ്ഞ തുകയ്ക്കാണ് ലേലം പിടിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കിയത്.
ഇനി വീണ്ടും ലേല നടപടികള്‍ ആരംഭിക്കുകയാണ് നടപടിക്രമം. എന്നാല്‍ സീസണ് ഏതാണ്ട് പകുതിയിലേറെ കഴിഞ്ഞതോടെ ഇനി ഈ തുകയ്ക്കുപോലും ആരും ലേലം വിളിക്കാനിടയില്ല. വനംവകുപ്പ് തോട്ടങ്ങളിലെ കശുവണ്ടി വെറുതേ വീണു നശിക്കുകയാകും ഫലം.
5000 മുതല്‍ 15000 വരെ രൂപ മാത്രമാണ് ഓരോ യൂണിറ്റിനും ലഭിച്ചത്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കശുവണ്ടിയുടെ അളവ് കുറവായതിനാലാണ് തുക കുറഞ്ഞതെന്ന് പറയപ്പെടുന്നു. മുന്‍കാലങ്ങളില്‍ ഒരു യൂണിറ്റില്‍ തന്നെ ഒന്നര ലക്ഷം രൂപയോളം ലഭിച്ച സമയമുണ്ടായിരുന്നു. വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകള്ക്കിടയില് അക്കേഷ്യയും മറ്റു മരങ്ങളും സുലഭമായി വളര്‍ന്നതോടെ ഗണ്യമായ അളവില്‍ കശുമാവുകള്‍ നശിക്കുകയും അവശേഷിക്കുന്നവയില്‍ ഉല്പാദനം കുറയുകയും ചെയ്തതായാണ് ലേലക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.ലേലം പിടിച്ചവരില്‍ അധികം പേരും മുഴുവന്‍ തുകയും മുന്‍കൂറായി അടച്ചിട്ടുണ്ട്. ലേലം റദ്ദാക്കിയ സാഹചര്യത്തില്‍ വനംവകുപ്പ് ഈ തുക തിരികെ നല്‍കേണ്ടിവരും. ലേലം കഴിഞ്ഞയുടനെ ഇവര്‍ കശുവണ്ടി ശേഖരിക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ ആ ഇനത്തിലും വനംവകുപ്പിന് നഷ്ടമാവും ഉണ്ടാവുക.
ലേലത്തിന് സിസിഎഫിന്റെ അന്തിമാനുമതി ലഭിച്ചതിനു ശേഷം മാത്രമാണ് കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഔദ്യോഗികമായി ലഭിക്കുന്നത്. എന്നാല്‍ ഇതിന് കാലതാമസമെടുക്കുമ്പോള്‍ കശുവണ്ടി കിടന്നു നശിക്കുന്ന സാഹചര്യത്തില്‍ ലേലം പിടിച്ചവര്‍ അടുത്ത ദിവസം തന്നെ കശുവണ്ടി ശേഖരണം തുടങ്ങുകയാണ് പതിവ്. ഉദ്യോഗസ്ഥര്‍ അതിനെ തടയാറുമില്ല. ലേലം റദ്ദാക്കുന്ന സാഹചര്യമുണ്ടാകുന്നത് ആദ്യമായാണ്. ഔദ്യോഗികരേഖകള്‍ പ്രകാരം ഇവരാരും കശുവണ്ടി ശേഖരണം തുടങ്ങിയിട്ടില്ലാത്തതിനാല്‍ ശേഖരിച്ച കശുവണ്ടിയോ അതിന്റെ വിലയോ തിരിച്ചടക്കാന്‍ ഇവരോട് ആവശ്യപ്പെടാനുമാവില്ല. ലേലം റദ്ദാക്കിയ വിവരം ലഭിച്ചതോടെ ഇവര്‍ കശുവണ്ടി ശേഖരണം നിര്‍ത്തിയിട്ടുണ്ട്.
ഇനി വീണ്ടും ലേലം നടക്കാനുള്ള സാധ്യത വിരളമായതിനാല്‍ ബാക്കിയുള്ള കശുവണ്ടി ജീവനക്കാരെ കൊണ്ട് ശേഖരിപ്പിക്കുക മാത്രമാണ് വനംവകുപ്പിന് മുന്നിലുള്ള വഴി. സംഭവിച്ച നഷ്ടത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും അതുവഴി നികത്താനാകുമെന്നാണ് പ്രതീക്ഷ.