ഹൈടെക് കസ്തൂരി മഞ്ഞൾ കൃഷിയുമായി യുവകർഷകർ
1592769
Friday, September 19, 2025 12:44 AM IST
കൂത്തുപറമ്പ്: ഹൈടെക് കസ്തൂരി മഞ്ഞൾ കൃഷിയുമായി യുവകർഷകർ. ആമ്പിലാട് കുന്നത്ത് മടത്തിൽ വീട്ടിൽ യുവകർഷകരായ സാരംഗ്, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലാണ് പോളി ഹൗസിൽ കസ്തൂരി മഞ്ഞൾ കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെയും മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെയും പിന്തുണയോടെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ആരംഭിച്ചത്.
സംസ്ഥാനത്ത് ആദ്യമായാണ് പോളി ഹൗസിൽ കസ്തൂരി മഞ്ഞൾ കൃഷി ചെയ്യുന്നത്. ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ സാരംഗ് വിവിധ സംസ്ഥാനങ്ങളിൽ പോയി പോളി ഹൗസ് കൃഷി കണ്ട് മനസിലാക്കിയിട്ടാണ് സഹോദരൻ ശ്രീരാഗിന്റെ പിന്തുണയോടെ പോളിഹൗസിൽ കസ്തൂരി മഞ്ഞൾ കൃഷി ആരംഭിച്ചിട്ടുള്ളത്.
14 സെന്റ് സ്ഥലത്ത് പോളി ഹൗസ് ഒരുക്കി 18 ലക്ഷം രൂപ മുടക്കി 2400 ഗ്രോ ബാഗിൽ ആണ് വിത്ത് നട്ടിട്ടുള്ളത്. തുള്ളി നനയും വളപ്രയോഗങ്ങളും സെൻസർ വച്ച് നിയന്ത്രിക്കും. കസ്തൂരി മഞ്ഞള്‍ വലിയ തോതില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നതാണ്. മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനും ഔഷധങ്ങളിലും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കസ്തൂരിമഞ്ഞൾ. അതിനാൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. ഇതിന്റെ കിഴങ്ങാണ് ഔഷധയോഗ്യമായ ഭാഗം.
കസ്തൂരി മഞ്ഞളിന് പുറമേ 800 ഗ്രോ ബാഗിൽ കരിമഞ്ഞളും കൃഷിയും ചെയ്യുന്നുണ്ട്. കസ്തൂരി മഞ്ഞൾ കൃഷിയുടെ വിത്ത് നടീലിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പടന്നക്കാട് കാർഷിക കോളജ് അസി. പ്രഫ. ആർ.എൽ. അനൂപ് മുഖ്യാതിഥിയായി.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ഷീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.വിജേഷ് , മെംബർമാരായ കെ.പി. അബ്ദുൽ ഖാദർ, കെ. യശോദ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് എ. സൗമ്യ, കൃഷി ഓഫീസർ കെ.അഖില, കൃഷി അസിസ്റ്റന്റുമാരായ കെ. വിജേഷ്, ആർ. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വിളവെടുപ്പിന് പാകമായാൽ മാങ്ങാട്ടിടം ബ്രാൻഡിൽ ഈ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത്.