‘ലെറ്റ് അസ് ടോക്ക്' സംഘടിപ്പിച്ചു
1592756
Friday, September 19, 2025 12:44 AM IST
കണ്ണൂർ: കാഴ്ചക്കാരെ കേവലം കാണികളാക്കാതെ അവരെ കൂടി പ്രദർശനത്തിന്റെ ഭാഗമാക്കുകയും അങ്ങനെ വളരെ ജൈവികമായ ഒരു ആവാസവ്യവസ്ഥയായി കൊച്ചി മുസിരിസ് ബിനാലെയുടെ വേദിയെ മാറ്റുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിനാലെയുടെ ക്യൂറേറ്ററും അന്താരാഷ്ട്ര പ്രശസ്തനായ മൾട്ടി ഡിസിപ്ലിനറി ആർട്ടിസ്റ്റുമായ നിഖിൽ ചോപ്ര പറഞ്ഞു.
ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി കണ്ണൂരിലെ ഗാലറി ഏകാമിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ മന്ദിരത്തിൽ നടന്ന സംവാദ പാരമ്പരയായ 'ലെറ്റ് അസ് ടോക്ക്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.എഴുത്തുകാരനും കലാനിരൂപകനുമായ പി. സുധാകരൻ ചർച്ചയും സംവാദവും മോഡറേറ്റ് ചെയ്തു.
ബിനാലെയുടെ ഭാഗമായി എല്ലാ ജില്ലകളിലും നടക്കുന്ന ഈ സംവാദ പരിപാടിയ്ക്ക് പുറമെ വിവിധ സ്ഥലങ്ങളിൽ മറ്റ് പല പരിപാടികളും സംഘടിപ്പിക്കാൻ പരിപാടിയുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രോഗ്രാം ഡയറക്ടറും ക്യൂറേറ്ററും എഴുത്തുകാരനുമായ മാരിയോ ഡിസൂസ പറഞ്ഞു. 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ കൊച്ചിയിൽ വെച്ചാണ് ആറാമത് കൊച്ചി-മുസിരിസ് ബിനാലെ നടക്കുക. കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രോഗ്രാം മാനേജരായ അനന്തൻ സുരേഷ്, ഗാലറി ഏകാമി മാനേജിംഗ് പാർട്ണർ മഹേഷ് ഒറ്റച്ചാലിൽ എന്നിവർക്ക് പുറമെ കണ്ണൂരിലെ പ്രമുഖ കലാകാരും കലാസ്വാദകരും ചർച്ചയിൽ പങ്കെടുത്തു.