ആറളത്ത് വിദ്യാർഥിയെ ആന ഓടിച്ചു; അദ്ഭുത രക്ഷപ്പെടൽ
1592762
Friday, September 19, 2025 12:44 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ബ്ലോക്ക് ഒന്പതിൽ വിദ്യാർഥിയെ ആന ഓടിച്ചു. ഇന്നലെ രാവിലെ 7.30 തോടെയായിരുന്നു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ മുന്പിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. ആദിത്തിന് നേരെ ആന ചിഹ്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു.
ആന വരുന്നതു കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. കാക്കയങ്ങാടുള്ള ഐടിഐയിലെ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുന്പിൽപെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടതും ഓടി സമീപത്തെ വീട്ടിലേക്ക് കയറിയതു കൊണ്ടാണ് താൻ രക്ഷപ്പെട്ടതെന്നാണ് ആദിത്ത് പറയുന്നത്.
തന്നെ പോലെ ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിലാണ് ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുന്നതെന്ന് ആദിത്ത് പറയുന്നു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
ഇന്നലെ രാവിലെ പൂക്കുണ്ട് മേഖലയിൽ കണ്ടിരുന്ന കാട്ടാനയാണ് ആദിത്തിനെ ഓടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. പൂക്കുണ്ട് മേഖലയിൽ കണ്ട ആന വനത്തിലേക്ക് കയറിപ്പോകാതെ തിരികെ ജനവാസ മേഖലയിലേക്ക് വന്നു എന്നാണ് ഇവർ പറയുന്നത്. ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന തെരുവക്കാട് ആനകളുടെ താവളമാണ്. ആന നിൽക്കുന്നത് അടുത്തെത്തിയാൽ പോലും തിരിച്ചറിയാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ആറുമാസം മുന്പ് ബ്ലോക്ക് 13 ൽ വെള്ളി-ലീല ദമ്പതികൾ കൊല്ലപ്പെട്ടപ്പോൾ അടിക്കാടുകൾ വെട്ടിത്തെളിക്കണമെന്ന തീരുമാനം പണം ഇല്ലെന്ന കാരണം കാണിച്ച് നിർത്തിവച്ചിരിക്കുകയാണ്. അന്ന് തെളിച്ച മേഖല ഉൾപ്പെടെ വീണ്ടും കാടുകയറി മൂടിയിരിക്കുകയാണ്.വനത്തിലേക്ക് തുരത്തുന്ന ആനകൾ അന്നുതന്നെ ജനവാസ മേഖലയിൽ തിരിച്ചെത്തുകയാണ്. താത്കാലിക സോളാർ വേലി തകർത്താണ് ആനകൾ വീണ്ടും എത്തുന്നത്.