പോളിംഗ് സ്റ്റേഷൻ മാറ്റം പുനഃപരിശോധിക്കണം: കോൺഗ്രസ്
1592776
Friday, September 19, 2025 12:44 AM IST
കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡായ താവുകുന്ന് പുനർ വിഭജിച്ചതിനെ തുടർന്ന് നിർദേശിക്കപ്പെട്ട പോളിംഗ് സ്റ്റേഷൻ മാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടോമി കുമ്പിടിയാമ്മാക്കൽ ജില്ലാ കളക്ടർക്കും സംസ്ഥാന ഇലക്ഷൻ കമ്മീഷനും പരാതി നൽകി.
താവുകുന്ന് വാർഡിലെ പോളിംഗ് സ്റ്റേഷൻ അടുത്തുള്ള വായാട്ടുപറമ്പ് സ്കൂൾ ആയിരുന്നു. ഇത് നടുവിൽ സ്കൂളിലേക്ക് മാറ്റാനാണ് രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി നിർദ്ദേശിച്ചത്. പഴയ 19-ാം വാർഡ് വായാട്ടുപറമ്പിൽ നിന്നും 60 ശതമാനം വോട്ടർമാർ ആണ് പുതിയ 19-ാം വാർഡ് താവുകുന്ന് വാർഡിൽ ഉള്ളത്. ഇവർക്ക് നാലു കിലോമീറ്റർ അധികം സഞ്ചരിച്ചു വേണം പുതിയ പോളിംഗ് സ്റ്റേഷനിൽ എത്താൻ.
നടുവിൽ വാർഡിൽ നിന്ന് കൂട്ടിച്ചേർത്ത 20 ശതമാനം വോട്ടർമാരുടെ സൗകര്യത്തിനു വേണ്ടി 80 ശതമാനം വോട്ടർമാരും ദുരിതമനുഭവിക്കേണ്ട അവസ്ഥയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. പോളിംഗ് സ്റ്റേഷൻ വിഭജിച്ച് വായാട്ടുപറമ്പ് സ്കൂളിലും നടുവിൽ സ്കൂളിലുമായി രണ്ട് പോളിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.