യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരേ വ്യാപക പോസ്റ്റർ
1592773
Friday, September 19, 2025 12:44 AM IST
ശ്രീകണ്ഠപുരം: രാഹുൽമാങ്കൂട്ടത്തിന് അനുകൂല നിലപാട് എടുത്തതിന് പിന്നാലെ യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെതിരെ വ്യാപക പോസ്റ്റർ. ഇന്നലെ രാവിലെ പൊടിക്കളത്തും പരിസരത്തുമാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ ഫോട്ടോ പതിച്ച് വ്യാപകപോസ്റ്റർ പതിച്ചത്. കഴിഞ്ഞ ദിവസം ഒരഭിമുഖത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചുകൊണ്ടുവരണമെന്ന് വിജിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിൽ പിന്നിൽ ഡിവൈഎഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ് - ഡിവൈഎഫ്ഐ പോസ്റ്റർ യുദ്ധം തുടരുന്നതിനിടെയാണ് ഇന്നലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പീഡനവീരനെ താങ്ങുന്ന യൂത്ത് കോൺഗ്രസിലെ വിജിൽമോഹനനെ സൂക്ഷിക്കുക എന്ന തരത്തിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകൾ ശ്രീകണ്ഠപുരം പോലീസെത്തി മാറ്റി. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയർന്നതിനു തൊട്ടുപിറകെയാണ് ആദ്യം ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. പിന്നീട് യൂത്ത് കോൺഗ്രസ് ഫ്ളക്സ് ഉയർത്തി. ഇതെല്ലാം പിന്നീട് നശിപ്പിച്ചു. വീണ്ടും ബോർഡുകൾ വന്നപ്പോൾ പോലീസ് എടുത്തു മാറ്റി.