അധ്യാപകരുടെ ശമ്പളം തടഞ്ഞ് കണ്ണൂർ ജില്ലാ ട്രഷറി
1592764
Friday, September 19, 2025 12:44 AM IST
കണ്ണൂർ: സർക്കാർ എൻജിനിയറിംഗ് കോളജിലെ അധ്യാപകരുടെ ശമ്പളം അകാരണമായി തടഞ്ഞുവച്ച് കണ്ണൂർ ജില്ലാ ട്രഷറി അധികൃതർ. അധ്യാപകരുടെ പ്രമോഷനുമായി ബന്ധപ്പെട്ട ശമ്പള കുടിശികയാണ് ഇത്തരത്തിൽ നിഷേധിക്കപ്പെട്ടത്.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുപ്രകാരം പ്രമോഷൻ ലഭിച്ച അധ്യാപകർക്ക് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽനിന്നും വരുന്ന പേ സ്ലിപ്പിനെ അടിസ്ഥാനമാക്കി ശമ്പളം നല്കുകയാണ് പതിവ്. ഈ നടപടിക്രമം അനുവർത്തിച്ചാണ് പ്രസ്തുത ശമ്പള ബില്ല് കണ്ണൂർ ജില്ല ട്രഷറിയിലേക്ക് അയച്ചത്. വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തുകയാണ് ഇപ്രകാരം ട്രഷറി അധികൃതർ നല്കാതിരിക്കുന്നത് എന്നത് സംഭവത്തിന്റെഗൗരവം വർധിപ്പിക്കുന്നു. സ്പാർക് സോഫ്റ്റ്വേറിലെ സാങ്കേതികത്തകരാറുകളെ അതിജീവിച്ചാണ് ശമ്പള ബില്ല് ട്രഷറിയിലേക്ക് എത്തിച്ചത്. എന്നാൽ 20 ദിവസമായിട്ടും ട്രഷറി അധികൃതർ ബിൽ പാസാക്കാതെ തടഞ്ഞു വച്ചിരിക്കുകയാണ്.
ശമ്പളം ലഭിക്കേണ്ട അധ്യാപകർ ദിനംപ്രതി ട്രഷറി ഓഫീസിൽ കയറിയിറങ്ങി അന്വേഷിച്ചിട്ടും യുക്തി രഹിതമായ മറുപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.