കപ്പേളയ്ക്ക് തീയിട്ട സംഭവം: അന്വേഷണം നിലച്ചു
1338439
Tuesday, September 26, 2023 1:23 AM IST
കാക്കയങ്ങാട്: തലശേരി അതിരൂപതയിലെ എടത്തൊട്ടി സെന്റ് വിൻസെന്റ് ഇടവകയ്ക്കു കീഴിലുള്ള ഉളീപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപത്തിനും തീയിട്ട സംഭവത്തിൽ അന്വേഷണം വഴിമുട്ടി. കപ്പേളയിലെ ഗ്രോട്ടോയ്ക്കും തിരുസ്വരൂപവും ഓഗസ്റ്റ് 29 ന് പുലർച്ചെ തീയിട്ടതായി കാണിച്ച് എടത്തൊട്ടി പള്ളി വികാരി ഫാ. രാജു ചൂരക്കൽ മുഴക്കുന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഒരുമാസമായി അന്വേഷണം നടത്തുന്ന മുഴക്കുന്ന് പോലീസിന് കേസിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.
മെഴുകുതിരി കാറ്റിൽ ആളിക്കത്തിയതാകാം തീപിടിത്തത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ് എങ്കിലും ഉരുകി വീണ മെഴുകുതിരിയുടെ ലക്ഷണം ഒന്നും തറയിലോ സമീപത്തോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിവൈഎസ്പി എ.വി. ജോണിന്റെ മേൽനോട്ടത്തിൽ മുഴക്കുന്ന് സിഐക്കാണ് പ്രത്യേക അന്വേഷണ ചുമതല.
സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും ഇതുവരെ ഫോറൻസിക് റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ഒരു നാടിന്റെ മതസൗഹാർദ്ദത്തിന് കോട്ടം വരുത്തുന്ന രീതിയിൽ ഗ്രോട്ടോക്ക് തീയിട്ട സംഭവത്തിൽ സമൂഹത്തിലെ എല്ലാ തുറയിൽനിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഫോറൻസിക് റിപ്പോർട്ട് വരുന്നതിന് മുന്പുതന്നെ മെഴുകുതിരി കത്തിയതാണെന്ന നിഗമനത്തിൽ പോലീസ് തിടുക്കപ്പെട്ട് എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് ഇടവകക്കാരുടെ ആരോപണം.