പയ്യന്നൂര്‍: കെട്ടിടത്തിന്റെ അനുമതിക്കായി 25000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയറെ വിജിലിൻസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ നഗരസഭാ ബിൽഡിംഗ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ സി. ബിജുവിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. പറശിനിക്കടവ് തവളക്കടവ് സ്വദേശിയാണ് ബിജു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെയാണ് സംഭവം. കെട്ടിടാനുമതിക്ക് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടിയ കറൻസി കൊടുത്തുവിടുകയായിരുന്നു. കെട്ടിട ഉടമ ഓഫീസിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ നഗരസഭാ ഓഫീസിനു പിന്നിലെ റോഡരിൽ നിർത്തിയിട്ട കാറിനടുത്തേക്ക് വരാൻ പറയുകയായിരുന്നു. ഇവിടെനിന്നും പണം കൈമാറിയപ്പോൾ നിരീക്ഷിക്കുകയായിരുന്ന വിജിലൻസ് പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നുമാസം മുമ്പാണ് ഇയാള്‍ക്ക് സ്ഥലം മാറ്റം ലഭിച്ച് പയ്യന്നൂരിലെത്തിയത്. ഇയാൾക്കെതിരേ നേരത്തെയും കൈക്കൂലി സംബന്ധിച്ച പരാതികളുണ്ടായിരുന്നതായി നഗരസഭയിലെ മറ്റ് ചില ജീവനക്കാരും പറഞ്ഞു.