വിഷ്ണുപ്രിയ വധം: വാട്സ് ആപ് ചാറ്റ് കൃത്രിമമെന്ന് പ്രതിഭാഗം വിപ്രോയിലെ ഐടി വിദഗ്ധനെ വിസ്തരിക്കും
1395455
Sunday, February 25, 2024 7:36 AM IST
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രമുഖ ഐടി കമ്പനിയായ വിപ്രോയിലെ സാങ്കേതിക വിദഗ്ധൻ ഉൾപ്പെടെ രണ്ട് സാക്ഷികളെ കൂടി കോടതിയിൽ വിസ്തരിക്കും.
കൊല നടക്കുന്നതിനു തൊട്ടുമുന്പ് വിഷ്ണു പ്രിയ സുഹൃത്തുമായി നടത്തിയെന്ന് പറയുന്ന വാട്ട്സ് ആപ് ചാറ്റ് തെളിവായി പോലീസ് എടുത്തിരുന്നു. എന്നാൽ, ഇത് കൃത്രിമമായി നിർമിച്ചതാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് നടപടി.
പ്രതിഭാഗത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഐടി വിദഗ്ധൻ, സംഭവം നടക്കുമ്പോൾ പാനൂർ സ്റ്റേഷനിലെ ജിഡി എൻട്രി ചേർത്ത ഉദ്യോഗസ്ഥൻ എന്നിവരെയും മാർച്ച് 16ന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുന്പാകെ വിസ്തരിക്കും. പാനൂർ പോലീസ് സ്റ്റേഷനിലെ അന്നേ ദിവസത്തെ ജിഡി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
കൂത്തു പറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22 രാവിലെ 11.47 നാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് ഹാജരാകുന്ന കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായിരുന്നു.