പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി റോഡ് വികസനം കടലാസിൽ ഒതുങ്ങി
1601940
Wednesday, October 22, 2025 7:46 AM IST
പയ്യാവൂർ: പയ്യാവൂർ-കുന്നത്തൂർ-കാഞ്ഞിരക്കൊല്ലി റോഡ് വികസന പദ്ധതി പതിറ്റാണ്ട് പിന്നിട്ടിട്ടും ഫയലിൽ ഉറങ്ങുന്നു. 12 വർഷങ്ങൾക്കു മുന്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് ചില നടപടികൾ ആരംഭിച്ചെങ്കിലും മുന്നോട്ടി പോയില്ല. വീതിയില്ലാത്ത കാടുകയറിയ അരിക് ഇടിഞ്ഞ റോഡിലൂടെയുള്ള ദുരിതയാത്രക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലയോര മേഖലയിലെ പഴക്കം ചെന്ന റോഡുകളിൽ ഒന്നാണിത്. തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപണിയും ചുകപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളായ അളകാപുരി വെള്ളച്ചാട്ടം, ശശിപ്പാറ എന്നിവിടങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾ ആശ്രയിക്കുന്ന പ്രധാന പാതയായിട്ടും റോഡ് നവീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർപ്പാടി, മീനപ്പൊങ്കാല മഹോത്സവം നടക്കുന്ന ചാമക്കാൽ ഭഗവതി ക്ഷേത്രം, പാടാൻക വല മദർതെരേസ തീർഥാടന ദേവാലയം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന വഴിയും നിരവധി ഉന്നതികളിലെ താമസക്കാർ ആശ്രയിക്കുന്ന റോഡും കൂടിയാണിത്. കെഎസ്ആർടിസി ഉൾപ്പെടെ അഞ്ചു ബസുകൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്.
മരുതുംചാൽ, ചാമക്കാൽ മുത്താറിക്കുളം, കുന്നത്തൂർ എന്നിവിടങ്ങളിലെല്ലാം റോഡ് തകർന്ന് കിടക്കുകയാണ്. കുന്നത്തൂർപാടിയിലെ കയറ്റമാണ് റോഡിനെ അപകടാവസ്ഥയിലാക്കുന്ന പ്രധാന ഭാഗം. കഴിഞ്ഞ വർഷം ഉത്സവത്തിന് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. അന്ന് ഭാഗ്യത്തിനാണ് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ചെറുവാഹനങ്ങൾ അപകടത്തിൽ പ്പെടുന്നതും പതിവാണ്. ഡിസംബർ 17 മുതൽ ഒരുമാസം നീളുന്ന ഈ വർഷത്തെ കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാനം മഹോത്സവവും ആരംഭിക്കും.