പേരട്ടയിൽ കാട്ടാന വീട്ടുമുറ്റത്ത്
1601960
Wednesday, October 22, 2025 7:58 AM IST
ഇരിട്ടി: കേരള -കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ കാട്ടാനയിറങ്ങി ഭീതി വിതച്ചു. ഇന്നലെ പുലർച്ചെ എത്തിയ കാട്ടാന പേരട്ട സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള കരിനാട്ട് ജോസ്, കുഞ്ഞുകൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തൊണ്ടുങ്ങൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട്ടുമുറ്റം വരെ എത്തുകയും ചെയ്തു.
പുലർച്ചെ ഒന്നോടെയാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് ഇറങ്ങുന്ന കാട്ടാനകളാണ് മേഖലയിൽ ഭീതി വിതയ്ക്കുന്നത്. ആന എത്തിയതിന് സമീപത്താണ് സ്കൂളുകളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞദിവസം കൂട്ടുപുഴ പാലത്തിൽ എത്തിയ കൊമ്പൻ തന്നെയാണ് ജനവാസ മേഖലയിലെ വീടുകൾക്ക് സമീപം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് മുറിച്ചുകടന്നാണ് ആന വീടിന്റെ മുറ്റത്ത് എത്തിയത്. രാത്രി വൈകിയതുകൊണ്ട് മാത്രമാണ് ഇതുവഴി വാഹങ്ങൾ ഒന്നും വരാതിരുന്നത്. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് സമീപം എത്തിയ ആന പിന്തിരിഞ്ഞു പോകുകയായിരുന്നു.
കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനം വകുപ്പ് പറയുന്നത്. കർണാടക - കേരള അതിർത്തിയിൽ 400 മീറ്റർ ഭാഗമാണ് സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ളത്. ഇതുവഴിയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. സോളാർ വേലി ഉണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനക്ഷമമല്ലാത്തതും ആനകളുടെ വരവ് വർധിക്കുന്നതിന് കാരണമാകുന്നു.
രാത്രിയിൽ വീണ്ടും കാട്ടാന
കൂട്ടുപുഴ, പേരട്ട, കല്ലൻതോട് ഭാഗങ്ങളിൽ ഇന്നലെ രാത്രിയിലും കാട്ടാനയിറങ്ങിയതായി പ്രദേശവാസികൾ. രാത്രി എട്ടരയോടെ കാട്ടാനയിറങ്ങിയതായാണ് പ്രദേശവാസികൾ പറയുന്നത്.
ആന ഇറങ്ങിയതോടെ സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങൾ വിവരം കൈമാറി ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയുമായിരുന്നു. രാത്രിയിലും കാട്ടാനയിറങ്ങിയത് പ്രദേശത്തെ ജനങ്ങളെ കടുത്ത ഭീതിയിലാക്കിയിട്ടുണ്ട്.
പ്രതിരോധം പാളി വനം വകുപ്പ്
കൃഷിഭൂമിയിൽ നാശം വിതയ്ക്കുന്ന കാട്ടാനകളെ നിയന്ത്രിക്കുന്നതിന് വനംവകുപ്പിന് കഴിയുന്നില്ല. സ്ഥലം സന്ദർശിക്കാൻ എത്തേണ്ട വനംവകുപ്പ് അധികൃതർക്ക് കൃത്യമായ വാഹനം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വാർഡ് മെംബർ ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ജനകീയ സമിതി ചേർന്ന് കാടുകയറി പ്രവർത്തിക്കാതെ കിടക്കുന്ന തൂക്കുവേലി നേരേയാക്കാനുള്ള പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം തൊണ്ടുങ്ങൽ എലിസബത്ത്, കരിനാട്ട് ഷീബ, ഷെഫീക്ക് തുടങ്ങിയവരുടെ കൃഷികൾ ആന നശിപ്പിച്ചിരുന്നു.
ആറളം പുനരധിവാസ മേഖലയിലും ആനക്കൂട്ടം
ഇരിട്ടി: കലിയടങ്ങാതെ ആറളം പുനരധിവാസ മേഖലയിലെ ആദിവാസികളുടെ അതിജീവനമാർഗം ചവിട്ടി മെതിക്കുകയാണ് ആനക്കൂട്ടം. തിങ്കളാഴ്ച രാത്രി ബ്ലോക്ക് 11 ൽ കൈതകൊല്ലിയിൽ സുമ ചന്ദ്രന്റെ പറമ്പിലെ തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്.

ബ്ലോക്ക് 10 ൽ കഴിഞ്ഞ ദിവസം വെള്ളം ശേഖരിക്കാൻ പോയ ഭാര്യയെയും ഭർത്താവിനെയും കാട്ടാന ഓടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലോക്ക് 11 വീണ്ടും കാട്ടാനയുടെ പരാക്രമം. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ ആദിവാസികൾ പോരാടുകയാണ്.