മഴ: ചെറുപുഴ മേഖലയിൽ കനത്ത നാശനഷ്ടം
1601942
Wednesday, October 22, 2025 7:46 AM IST
ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ചെറുപുഴ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിലും കനത്ത നാശനഷ്ടവും. തിരുമേനി-കോക്കടവ് തീരദേശ റോഡിൽ മണ്ണിടിഞ്ഞ് കൂറ്റൻ കരിങ്കല്ല് റോഡിലേയ്ക്ക് വീണു.
റോഡിൽ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കല്ല് വീണതിനെ തുടർന്ന് ഇരുചക്രവാഹനത്തിന് പോലും കടന്നു പോകാൻ കഴിയാത്ത വിധം ഗതാഗതം തടസപ്പെട്ടു. ചട്ടിവയൽ - ചൂരപ്പടവ് റോഡിലും കല്ലും മണ്ണും വീണ് ഗതാഗതം തടസപ്പെട്ടു. കക്കോട് - കിഴക്കേക്കര റോഡ്, തിരുമേനി - കോറാളി റോഡ് എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
പ്രാപ്പൊയിലിലെ പൂങ്കാവനം ജയേഷ്, പ്രാപ്പൊയിൽ ഈസ്റ്റിലെ പറമ്പിൽ ഏബ്രഹാം, ഇടക്കര ജോണി എന്നിവരുടെ വീടുകളുടെ മതിൽ തകർന്നു. ഏബ്രഹാമിന്റെ മതിൽ തൊട്ടടുത്ത താമസക്കാരനായ ഇടക്കര ജോണിയുടെ വീട്ടുമുറ്റത്തേക്കാണ് ഇടിഞ്ഞു വീണത്. ജോണിയുടെ വിടിന്റെ മുറ്റവും ഇടിഞ്ഞു.കണിയാംപറമ്പിൽ ജോസഫിന്റെയും വീടിന്റെ മുറ്റം ഇടിഞ്ഞ നിലയിലാണ്. ചൂരപ്പഴ മോളിയുടെ വീടിന്റെ രണ്ടു വശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി.
നിരവധി പേരുടെ കൈയാലകളും തകർന്നു. മണ്ണിടിച്ചിലിനൊപപ്പം കൃഷിയിടങ്ങളിൽ വെള്ളം കുത്തിയൊലിച്ചതിനെ തുടർന്നും വ്യാപക നഷ്ടം സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനൊപ്പം പലയിടത്തും വാട്ടർ ടാങ്കുകളും പൈപ്പുകളും തകർന്നിട്ടുമുണ്ട്. തിരുമേനി തോടിന് കുറുകെ മുളപ്രയിലെ തടയണയുടെ പാർശ്വഭിത്തിയും തകർന്നു. മണ്ണിടിച്ചിലിൽ നിലം പതിച്ച കൂറ്റൻ പനയുൾപ്പടെയുള്ള മരങ്ങൾ തടയണയിൽ തങ്ങി നിൽക്കുകയാണ്.
ശക്തമായ മിന്നൽ വീട്ടിൽ പതിച്ചതിനെ തുടർന്ന് രണ്ടു പേർക്ക് പരിക്കേൽക്കുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്തു. കക്കോട്ടോ തോറ്റിയാട്ടിൽ ടി. മോഹനന്റെ വീടിനാണ് മിന്നലേറ്റത്. മോഹനന്റെ അമ്മ മാധവി, പുഷപ്വല്ല എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വയറിംഗ് പൂർണമായും കത്തി നശിച്ച നിലയിലാണ്. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ സ്ഥലം സന്ദർശിച്ചു.