ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേ ആദ്യം പൂര്‍ത്തിയാക്കി കണ്ണൂര്‍-2 വില്ലേജ്
1601947
Wednesday, October 22, 2025 7:46 AM IST
കണ്ണൂർ: ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ വില്ലേജായ കണ്ണൂര്‍-2 വില്ലേജ് പുതിയ ഭൂമിരേഖകള്‍ റവന്യുവകുപ്പിനു കൈമാറി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടർ അരുണ്‍ കെ. വിജയന് ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ ഇതിനോടകം മൂന്ന് ഘട്ടങ്ങളിലായി 50 വില്ലേജുകളിലാണ് സർവേ ജോലികള്‍ ആരംഭിച്ചത്. അവയില്‍ 30 വില്ലേജുകള്‍ പ്രാഥമിക സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി സര്‍വേ അതിരടയാള നിയമം 9(2) പ്രകാരം പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഘട്ടം ഘട്ടമായി വരും ദിവസങ്ങളില്‍ ഈ വില്ലേജുകള്‍ റവന്യു വകുപ്പിന് കൈമാറും. അതോടെ നികുതി പിരിവ് ഉള്‍പ്പെടെയുള്ള ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും പുതിയ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തിലായിരിക്കും ലഭ്യമാവുക. ജനങ്ങള്‍ക്കു ഭൂമി കൈമാറ്റം, ഭൂമി തരംതിരിക്കല്‍, കരം അടക്കല്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ 'എന്റെ ഭൂമി' പോര്‍ട്ടലില്‍ ലഭിക്കും. ഇവിടുത്തെ ഭൂ ഉടമകള്‍ക്ക് 'എന്റെ ഭൂമി' പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഭൂവിവരങ്ങള്‍ പരിശോധിക്കാം.
സർവേ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്കിയ പയ്യന്നൂര്‍ ഡിജിറ്റല്‍ സര്‍വേ സൂപ്രണ്ട് സിജി തോമസിനെയും കണ്ണൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം പീതാംബരനെയും ജില്ലാ കളക്ടര്‍ അനുമോദിച്ചു. അസിസ്റ്റന്റ് കളക്ടർ എഹ്തെദാ മുഫസിര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്) ലതാദേവി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം പീതാംബരന്, ഹെഡ് ഡ്രാഫ്റ്റ്മാന് വി.ആര് സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.