തേനീച്ചയുടെ ആക്രമണം: ഫയർഫോഴ്സ് എത്തുന്നത് യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ
1395943
Tuesday, February 27, 2024 7:36 AM IST
ഇരിട്ടി: വേനൽ കടുത്തതോടെ മലയോര മേഖലയിൽ തേനീച്ചയുടെ ആക്രമണം പെരുകി വരികയാണ്. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ ആറോളം തേനീച്ച ആക്രമണങ്ങളാണ് ഇരിട്ടി മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ എല്ലാം ഓടിയെത്തുന്ന ഫയർഫോഴ്സ് സംഘം ഉപയോഗിക്കുന്നത് ഫയർ സേഫ്റ്റി കോട്ടും ഹെൽമറ്റും മാത്രമാണ്.
തേനീച്ച ഹെല്മെറ്റിനുള്ളിൽ കയറി ഫയർഫോഴ്സ് ജീവനക്കാരെയും ആക്രമിക്കാൻ സാധ്യത ഉണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ഫയർ ഫോഴ്സ് സംഘം ജോലി ചെയ്യുന്നത്.
തേനീച്ചയുടെ കുത്തേൽക്കാതെ ഉപയോഗിക്കുന്ന ഫെയ്സ് ഷീൽഡുകളും കോട്ടുകളും സേനക്ക് ലഭ്യമല്ല. അതുപോലെ തന്നെ അപകടത്തിൽപ്പെടുന്ന നായകളെ രക്ഷിക്കാൻ എത്തുമ്പോഴും പാമ്പ് മുതലായവയെ പിടിക്കേണ്ടി വരുമ്പോഴും ധരിക്കേണ്ട സുരക്ഷാ വസ്ത്രങ്ങൾ ഒന്നും ഇരിട്ടിയിൽ സേനക്ക് ലഭ്യമല്ല.
തേനീച്ചകളുടെ ആക്രമണം വർധിച്ച സാഹചര്യത്തിൽ ധരിക്കേണ്ട സുരക്ഷാ വസ്ത്രങ്ങൾ അടിയന്തിരമായി ലഭ്യമാക്കണ ആവശ്യം ശക്തമായിരിക്കുകയാണ്.