കാട്ടുമൃഗങ്ങൾ വിലസുന്നു ; വൈദ്യുതവേലി ഉപയോഗശൂന്യം
1395946
Tuesday, February 27, 2024 7:47 AM IST
കൊട്ടിയൂർ: വൈദ്യുത വേലികൾ ഉപയോഗശൂന്യം. കൊട്ടിയൂർ പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന വിവിധ സ്ഥലങ്ങളിൽ വൈദ്യുത വേലികൾ ഉപയോഗശൂന്യമായത് കർഷകർക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വേലികൾ തകർന്നു കിടക്കുന്നത് കർഷകർക്ക് വലിയ ആശങ്കയാകുന്നു. വൈദ്യുത വേലികൾ തകർന്നു കിടക്കുന്ന പ്രദേശത്തുകൂടിയാണ് കാട്ടാനയും മറ്റ് വന്യജീവികളും ജനവാസ മേഖലയിൽ കടന്ന് വലിയ നാശം വിതയ്ക്കുന്നത്. കഴിഞ്ഞദിവസം കൊട്ടിയൂർ നെല്ലിയോടിയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചതും വൈദ്യുത വേലി തകർന്നു കിടക്കുന്നതുമൂലമാണ്.
വൈദ്യുത വേലികൾ പ്രവർത്തിക്കുന്ന കണ്ടപ്പനത്ത് വേലിയുടെ തൂണിൽ ചവിട്ടി വേലികൾ തകർത്തശേഷമാണ് കാട്ടാനകൾ എത്തുന്നത്. നെല്ലിയോടിയിൽ വൈദ്യുത ഫെൻസിംഗ് ഉപയോഗശൂന്യമായി കിടക്കാൻ തുടങ്ങിയിട്ട് രണ്ടര വർഷം പിന്നിടുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തിൽ പലതവണയായി കാട്ടാനകൾ പ്രദേശത്ത് ഇറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിക്കാറുണ്ട്. വലിയ രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് വരാറുള്ളത്. പ്രദേശത്ത് കർഷകർ തന്നെ ആനയെ ഭയപ്പെടുത്താൻ കൃത്രിമമായി വേലികൾ നിർമിക്കേണ്ട ഗതികേടിൽ ആണെന്ന് കർഷകർ പറയുന്നു.
ഇതിന്റെ പരിഹാരം എന്നോളം ആനമതിലോ തൂക്കു വൈദ്യുത വേലിയോ പ്രദേശത്ത് സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പ്രദേശത്ത് തൂക്കു വേലികൾ സ്ഥാപിക്കാൻ വേണ്ടി ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തിന്റെയും വകയായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും വേലികൾ സ്ഥാപിക്കാൻ കാലതാമസം വരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
കാട്ടാനയെ വനംവകുപ്പ് ഉള്‍ക്കാട്ടിലേക്ക് തുരത്തി
കൊട്ടിയൂര്‍: പഞ്ചായത്തിലെ നെല്ലിയോടിയിലും മേമലയിലും കൃഷി നശിപ്പിച്ച കാട്ടാനയെ വനം വകുപ്പ് ഉള്‍ക്കാട്ടിലേക്ക് തുരത്തി. കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജീവ് കുമാറിന്റെ നേതൃത്വത്തിലുളള വനപാലകരാണ് കാട്ടാനയെ ഉള്‍വനത്തിലേക്ക് ഓടിച്ചത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അഖിലേഷ്, ഷിജിന്, വാച്ചര്‍മാര്‍ എന്നിവരും കാട്ടാനയെ തുരത്തുന്ന നടപടിയുടെ ഭാഗമായി. അമ്പായത്തോട് വനാതിര്‍ത്തിയോട് ചേര്‍ന്നുളള കൃഷിയിടത്തിലാണ് കാട്ടാന പുലര്ച്ചെയുണ്ടായിരുന്നത്.
പടക്കം പൊട്ടിച്ചാണ് കാടുകയറ്റിയത്. രാവിലെ ഒന്‍പതിന് തുടങ്ങിയ നടപടി ഉച്ചയ്ക്ക് ഒന്നുവരെ നീണ്ടാണ് ആനയെ ഉൾകാട്ടിലേക്ക് തുരത്താനായത്.