മട്ടന്നൂർ-ഇരിട്ടി റോഡ് ഷോയുമായി ഡി.കെ.ശിവകുമാർ
1416817
Wednesday, April 17, 2024 1:52 AM IST
മട്ടന്നൂർ: യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ പ്രചരണത്തിന്റെ ഭാഗമായി മട്ടന്നൂരിൽ നിന്ന് ഇരിട്ടിയിലേക്ക് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ റോഡ് ഷോ.
വൈകുന്നേരം നാലോടെ മട്ടന്നൂർ - തലശേരി റോഡിലെ കനാൽ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. തുടർന്ന് മട്ടന്നൂർ ബസ് സ്റ്റാൻഡ് വഴി നഗരത്തിലൂടെ ഇരിട്ടിയിലേക്ക് നീങ്ങി. റോഡ് ഷോയുടെ മുന്നിലായി ഇരുചക്ര വാഹനങ്ങളും പിന്നാലെ ഡി.കെ. ശിവകുമാർ സഞ്ചരിച്ച തുറന്ന വാഹനവും കാറുകളും നീങ്ങി.
നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ അണിനിരന്നു. സ്ഥാനാർഥി കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, സിഎംപി നേതാവ് സി.പി. ജോൺ, രാജീവ് എളയാവൂർ തുടങ്ങിയവരും റോഡ് ഷോയിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഡി.കെ. ശിവകുമാറിനെ നേതാക്കൾ ചേർന്നു സ്വീകരിച്ചു.
മുത്തപ്പന് പയങ്കുറ്റി വച്ച് തൊഴുത് ഡികെ
ഇരിട്ടി: മുത്തപ്പന് പയങ്കുറ്റി വച്ച് തൊഴുത് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മട്ടന്നൂരിൽ നിന്ന് ഇരിട്ടിയിലേക്ക് റോഡ് ഷോ നയിക്കാൻ എത്തിയപ്പോഴാണ് ശിവകുമാർ പയങ്കുറ്റി വച്ച് തൊഴുത് മുത്തപ്പന്റെ അനുഗ്രഹം തേടിയത്.
പത്തൊന്പതാം മൈലിലെ ഹോട്ടലിൽ എത്തിയപ്പോൾ കോൺഗ്രസ് നേതാക്കളായ പി.എം. ശ്രീധരൻ നന്പ്യാർ, ഇ. കുഞ്ഞിരാമൻ നന്പ്യാർ, മാവില കമലാക്ഷൻ, പി.വി. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടൽ അങ്കണത്തിൽ ശിവകുമാറിനായി മുത്തപ്പൻ പയങ്കുറ്റി സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു.
ഭക്ഷണത്തിനായി ഹോട്ടലിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ശിവകുമാർ പയങ്കുറ്റി തൊഴുത് മടയനിൽ നിന്നും പ്രസാദം സ്വീകരിച്ചു തൊഴുതു വണങ്ങി. നുച്യാട്ടെ പ്രശാന്ത് മടയനാണ് പയങ്കുറ്റി വച്ചത്.