മതനിരപേക്ഷത തകർക്കാനുള്ള ബിജെപി നീക്കം ചെറുക്കണം: യെച്ചൂരി
1416822
Wednesday, April 17, 2024 1:52 AM IST
പഴയങ്ങാടി: രാജ്യത്തെ ജനങ്ങൾക്കിടയിലെ ഐക്യം തകർത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ബിജെപിയുടെയും മോദി സർക്കാരിന്റെയും ഗൂഢശ്രമങ്ങളെ തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാസർഗോഡ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം പഴയങ്ങാടിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാനവികതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരൻമാർക്കുമുണ്ട്. പൗരത്വ ബില്ലിനെ എതിർക്കുന്നവർ ഹിന്ദുത്വത്തെ എതിർക്കുന്നവരാണെന്നാണ് മോദി പറയുന്നത്. രാജ്യത്തിന്റെ ഭരണഘടനയെ പോലും ആക്രമിച്ച് നീതിന്യായ വ്യവസ്ഥയെ പോലും കൈപ്പിടിയിലൊതുക്കാനുള്ള ശ്രമങ്ങളാണ് മോദി സർക്കാരും ബിജെപിയും നടത്തുന്നത്.
വർഗീയതയുടെ വിഷം വിളന്പി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്പോൾ രാജ്യത്തുള്ളത് ഇന്ത്യക്കാരാണെന്ന കാര്യം മോദി വിസ്മരിക്കരുത്. ഹിറ്റലറുടെയും മുസ്ോളിനിയുടെയും പിന്തുടർച്ചക്കാരനാണോ ഇയാളെന്ന് ജനം ഭയക്കുകയാണ്. അഴിമതിയെ നിയമത്തിലൂടെ സാധൂകരിക്കാനുള്ള ശ്രമമാണ് ഇലക്ഷൻ ബോണ്ടിലൂടെ ബിജെപി നടത്തുന്നത്. ബിജെപിക്ക് കീഴടങ്ങിയാൽ രാജ്യത്തുള്ളവരെല്ലാം രാമൻമാരായി മാറുമെന്നും സീതാറാം യെച്ചൂരി പരിഹസിച്ചു.