ഡെങ്കി ഹോട്ട് സ്പോട്ടുകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി
1416824
Wednesday, April 17, 2024 1:52 AM IST
ചെറുപുഴ: ഡെങ്കി പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറുപുഴ പഞ്ചായത്തിൽ രൂപീകരിച്ച ഹെൽത്ത് സ്ക്വാഡ് ഡെങ്കി ഹോട്ട്സ്പോട്ട് മേഖലയിൽ പരിശോധന തുടങ്ങി.
അഞ്ചാം വാർഡിൽ പാലാന്തടം, പുളിങ്ങോം മേഖലയിലും പത്തൊൻപതാം വാർഡിൽ മച്ചിയിൽ കുണ്ടംതടം മേഖലയിലുമാണ് ആദ്യഘട്ട പരിശോധന നടത്തിയത്.
പുളിങ്ങോം ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, പിഎച്ച്എൻ എം.എൽ. മനീഷ എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, എംഎൽഎസ്പിമാർ, ആശ പ്രവർത്തകർ അടങ്ങുന്ന ഹെൽത്ത് ടീം ആണ് പരിശോധന നടത്തുന്നത്.
30 വരെ എല്ലാ വാർഡുകളിലും പരിശോധന ഉണ്ടാകും. 2020 മുതൽ ഡെങ്കി പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ ആണ് ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനയിൽ ഡെങ്കി പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി, ശുദ്ധ ജലത്തിൽ ആണ് കൂടുതൽ ലാർവ കണ്ടെത്തിയത്.
വീടിന് ഉള്ളിൽ ഇൻഡോർ ചെടികൾ, ഫ്രിഡ്ജ്, വീടിന് പുറത്തു പാത്രങ്ങൾ, വിറക് മൂടി ഇടുന്ന ടാർപ്പായ, മഴ വെള്ള സംഭരണി, റബർ തോട്ടങ്ങളിലെ ചിരട്ട, കവുങ്ങ് തോട്ടത്തിലെ പാള ഇതെല്ലാം ആണ് കൊതുക് ഉറവിടങ്ങൾ ആയി കണ്ടെത്തിയത്. പല പ്രാവശ്യം ആരോഗ്യ വളന്റിയർമാർ ശ്രദ്ധയിൽ പെടുത്തിയിട്ടും കൊതുക് ഉറവിടങ്ങൾ നീക്കം ചെയ്യാത്ത മൂന്ന് പേർക്ക് ഹെൽത്ത് സ്ക്വാഡ് നോട്ടീസ് നൽകി. രോഗ കാരണം ആകുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ പൊതുജനാരോഗ്യ നിയമം വകുപ്പുകൾ പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും കൊതുക് വളരാൻ ഉള്ള സാഹചര്യം ഒരുക്കുന്നവർക്കെതിരെ പതിനായിരം രൂപ വരെ പിഴ ചുമത്തുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.