ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; കൂട്ടുപുഴയിൽ ജനം ദുരിതത്തിൽ
1417058
Thursday, April 18, 2024 1:48 AM IST
കൂട്ടുപുഴ: കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന അന്തർസംസ്ഥാന പാതയിലെ അതിർത്തിയായ കൂട്ടുപുഴ പുതിയപാലം ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ ജനം ദുരിതത്തിൽ. ദിവസംതോറും ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന പ്രാധാന്യമുള്ള റോഡിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാതെ യാത്രക്കാർ ദുരിതത്തിൽ ആകുന്നത്.
വീരാജ്പേട്ട, മൈസൂർ, ബാംഗ്ലൂർ ഭാഗങ്ങളിലേക്ക് യാത്രചെയേണ്ട നിരവധി യാത്രക്കാരനാണ് വെയിലിലും മഴയിലും റോഡരികിലെ പരിമിതമായ സൗകര്യത്തിൽ ബസ് കാത്തുനിൽക്കുന്നത്. രാത്രിയിലും പകലും വ്യത്യാസമില്ലാതെ ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്ക് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ല. അതിർത്തിയിലെ പോലീസ് എയ്ഡ്പോസ്റ്റ് മാത്രമാണ് യാത്രക്കാർക്കുള്ള ഏക സുരക്ഷ.
സ്ഥലം ലഭ്യമല്ലാത്തത്
പ്രതിസന്ധിക്ക് കാരണം
തലശേരി-വളവുപാറ റോഡിന്റെ പുനർനിർമാണ ഘട്ടത്തിൽ തന്നെ സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാതെ പോയതാണ് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ സ്ഥലം ലഭ്യമല്ലാത്തതും പദ്ധതിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. സുരക്ഷിതമായി ബസ് കാത്തുനിൽക്കാൻ സ്ഥലമില്ലാതെ സ്ത്രീകളും വിദ്യാർഥികളും അടങ്ങുന്ന ദീർഘദൂര യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം ലഭ്യമായാൽ ഫണ്ട് അനുവദിക്കാമെന്ന് എംഎൽഎ അറിയിച്ചിരുന്നു.