ബസിനു മുകളിൽ വൈദ്യുത തൂൺ പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം
1417337
Friday, April 19, 2024 1:48 AM IST
പഴയങ്ങാടി: ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുകളിൽ വൈദ്യുത തൂൺ പൊട്ടിവീണു. തൂൺ പൊട്ടിവീഴുന്പോൾ തന്നെ വൈദ്യുതിബന്ധം വിഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം നാലിന് പുതിയങ്ങാടി നീരൊഴുക്കും ചാലിലായിരുന്നു സംഭവം.
നിറയെ യാത്രക്കാരുമായി കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസിന് മുകളിലാണ് വൈദ്യുതി തൂൺ പൊട്ടി വീണത്. റോഡിന് കുറുകെ വൈദ്യുതി തൂണുമായി ബന്ധിച്ച നിലയിൽ കേബിളുകൾ വലിച്ചിരുന്നു. ഇവ താഴ്ന്ന് ബസിന് കുടുങ്ങിയത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തപ്പോൾ കേബിൾ കുടുങ്ങ് വൈദ്യുതി തൂൺ പൊട്ടി വീഴുകയായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാരും നാട്ടുകാരും പോലീസും ചേർന്ന് പൊട്ടിവീണ വൈദ്യത തൂണിലെ ലൈനുകൾ അഴിച്ചു മാറ്റിയ ശേഷം തകർന്നു വീണ പോസ്റ്റ് ബസിന്റെ മുകളിൽ നിന്നും മാറ്റുകയായിരുന്നു.