കണ്ണൂർ: ഓണവിപണിയിൽ മായം കലരാത്ത ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ കർശന പരിശോധന തുടങ്ങി. ഫുഡ് സേഫ്റ്റ് അസി. കമ്മീഷണർ മുസ്തഫ പാന്പുരുത്തിയുടെ നേതൃത്വത്തിൽ ഇന്നലെ മൂന്ന് സ്ക്വാഡുകളായി പയ്യന്നൂർ, തളിപ്പറന്പ്, തലശേരി മേഖലകളിൽ പരിശോധന നടത്തി. മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സജ്ജീകരണത്തോടുകൂടിയാണ് പരിശോധന നടത്തുന്നത്.
ഭക്ഷണസാധനങ്ങൾ വില്പന നടത്തുന്ന കടകൾ, നിർമാണശാലകൾ, സംഭരണ കേന്ദ്രങ്ങൾ, കാറ്ററിംഗ് യൂണിറ്റുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിലെല്ലാം ഓണക്കാലം കഴിയുന്നതു വരെ ശക്തമായ പരിശോധന തുടരുമെന്ന് അസി. കമ്മീഷണർ മുസ്തഫ പാന്പുരുത്തി പറഞ്ഞു. ഇന്നലെ 56 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കി. ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർമാരായ ജിതിൻ പയ്യന്നൂരിലും യമുന കുര്യൻ തളിപ്പറന്പിലും ആന്റണി തലശേരിയിലും പരിശോധനയ്ക്ക് നേതൃത്വം നൽകി.